കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകള്‍ക്കതീതമായ പുനസ്സംഘടന വരുന്നു; അടിമുടി മാറും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ പുനസ്സംഘടന വരുന്നു. ഇന്നലെ രാവിലെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പുനസ്സംഘടയ്ക്ക് അനുമതി നല്‍കുകയായിരുന്നുവെന്ന് കെപിസിസി പസിഡന്റ് വി എം സുധീരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഗ്രൂപ്പുകള്‍ക്കതീതമായ പുനസ്സംഘടനയാവും ഉണ്ടാവുക. ഡിസിസി, കെപിസിസി ഭാരവാഹികളില്‍ പലര്‍ക്കും സ്ഥാനചലനമുണ്ടാവും. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചുള്ള തന്റെ നിലപാട് സുധീരന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. തിരുത്തല്‍ നടപടികള്‍ വേണം എന്നതാണു പാര്‍ട്ടി നിര്‍വാഹകസമിതിയില്‍ ഉയര്‍ന്ന പൊതുവികാരമെന്നും സുധീരന്‍ രാഹുലിനെ ധരിപ്പിച്ചു.
ഏതൊക്കെ തലത്തില്‍ മാറ്റം വേണമെന്ന കാര്യത്തില്‍ കേരളത്തില്‍ ചര്‍ച്ച നടക്കും. എന്നാല്‍, കെപിസിസി അധ്യക്ഷസ്ഥാനത്ത് മാറ്റമുണ്ടാവില്ല. പാര്‍ട്ടിക്കുള്ളിലെ വിവിധ തലങ്ങളിലുള്ള പദവികള്‍ ഇരു ഗ്രൂപ്പുകളും ചേര്‍ന്നു വീതംവച്ചെടുക്കുന്നതാണു നിലവില്‍ കോണ്‍ഗ്രസ്സിലെ കീഴ്‌വഴക്കം. ഇത് അവസാനിപ്പിച്ച് കഴിവു തെളിയിച്ചവര്‍ക്കു പ്രാമുഖ്യം നല്‍കുന്നതിനാവും സുധീരന്‍ പ്രാധാന്യംനല്‍കുക. ഇതുവഴി ഗ്രൂപ്പിസത്തിന്റെ അതിപ്രസരം ഇല്ലാതാക്കാന്‍ കഴിയുമെന്നും സുധീരന്‍ കണക്കുകൂട്ടുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ സുധീരന്‍ ഇത്തരമൊരു പുനസ്സംഘടനയ്ക്കു തയ്യാറായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ ഗ്രൂപ്പ് വഴക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവില്‍ മാറ്റിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ പുനസ്സംഘടനയ്ക്കു രാഹുല്‍ അനുമതി നല്‍കുകയായിരുന്നു. ഗ്രൂപ്പുകള്‍ക്കതീതമായി ചുമതലകള്‍ നല്‍കാനുള്ള സുധീരന്റെ നീക്കത്തെ എ, ഐ ഗ്രൂപ്പുകള്‍ എതിര്‍ക്കുമെങ്കിലും മുമ്പത്തെ പോലെ വിലപ്പോവാനിടയില്ല.
ആരോപണവിധേയരെ മാറ്റിനിര്‍ത്തണമെന്ന സുധീരന്റെ നിലപാടിനെ ഹൈക്കമാന്‍ഡ് അനുകൂലിച്ചിട്ടും വെല്ലുവിളിച്ചാണ് ഉമ്മന്‍ചാണ്ടി മല്‍സരിപ്പിച്ചത്. സര്‍ക്കാരിന്റെ അവസാനകാലത്തെ ചില തീരുമാനങ്ങളും പ്രതിപക്ഷം ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാനാവാതെ പോയതും സ്ത്രീ സുരക്ഷയില്‍ പോലിസ് പരാജയപ്പെട്ടതുമെല്ലാം തോല്‍വിക്കു കാരണമായെന്നാണു സുധീരന്‍ രാഹുലിനെ ധരിപ്പിച്ചത്. കേരളത്തെ സംബന്ധിച്ചു നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണിയുടെ പിന്തുണയും സുധീരനുണ്ട്. സുധീരന്‍ ഇന്നലെ ആന്റണിയെയും സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it