കോണ്‍ഗ്രസ്സില്‍ അഴിച്ചുപണി അനിവാര്യം: കെ സുധാകരന്‍

കണ്ണൂര്‍/കൊച്ചി:/പെരുമ്പാവൂര്‍: രാജ്യസഭയിലേക്കു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന പാര്‍ട്ടിയിലെ യുവ എംഎല്‍എമാരുടെ ആവശ്യത്തെ പിന്തുണച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍. കോണ്‍ഗ്രസ്സില്‍ അഴിച്ചുപണി അത്യാവശ്യമാണെന്നും രാജ്യസഭയിലേക്കു പുതുമുഖത്തെ അയക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
നിലവില്‍ പിന്തുടര്‍ന്നു വരുന്ന ശൈലിയില്‍ നിന്നു പാര്‍ട്ടി മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കാഡര്‍ പാര്‍ട്ടികളോട് കിടപിടിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ മാറ്റിയെങ്കില്‍ മാത്രമേ നിലനില്‍പ്പുണ്ടാവുകയുള്ളു. താഴേത്തട്ടിലുള്ള കമ്മിറ്റികള്‍ നിര്‍ജീവമാണ്. ഈ കമ്മിറ്റികളെ പുനരുജ്ജീവിപ്പിക്കണം. വര്‍ഗീസ-ഫാഷിസ്റ്റ് പാര്‍ട്ടികളോട് പിടിച്ചുനില്‍ക്കണമെങ്കില്‍ കാഡര്‍ ശൈലിയിലേക്ക് മാറണമെന്നും അദേഹം കൊച്ചിയില്‍ പറഞ്ഞു. പി ജെ കുര്യന്റെ രാജ്യസഭാ സീറ്റിനെ ചൊല്ലി യുവ എംഎല്‍എമാര്‍ നടത്തിയ പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കണം.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് പാര്‍ട്ടി ഫോറങ്ങളിലായിരിക്കണം. മാധ്യമങ്ങളിലൂടെ പാര്‍ട്ടി നയങ്ങളെ വിമര്‍ശിക്കുന്നതു ശരിയായ നടപടിയല്ല. രാജ്യസഭാ സീറ്റിലേക്ക് ആരെ പരിഗണിക്കണമെന്നതു തീരുമാനിക്കുന്നതു ഹൈക്കമാന്‍ഡാണ്.
ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന് വ്യക്തമായ പദ്ധതികളുണ്ട്. അതേസമയം രാജ്യസഭാ സീറ്റിലേക്ക് പി ജെ കുര്യന് പകരം യുവനേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ന്യായമാണെന്നും കെ സുധാകരന്‍ പറഞ്ഞു.





Next Story

RELATED STORIES

Share it