Flash News

കോണ്‍ഗ്രസ്സിലോ മറ്റു പാര്‍ട്ടികളിലോ ചേരില്ല : ജിഗ്‌നേഷ് മേവാനി



അഹ്മദാബാദ്: കോണ്‍ഗ്രസ്സിലോ, മറ്റു പാര്‍ട്ടികളിലോ ചേരാന്‍ ഉദ്ദേശ്യമില്ലെന്നു ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി.അതേസമയം ദലിത് വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. അടുത്ത മാസം വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കൂടുതല്‍ വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും ശ്രമിക്കുന്നതിനിടെയാണു മേവാനിയുടെ പ്രതികരണം. ദലിത്‌സമൂഹം മുമ്പോട്ടുവയ്ക്കുന്ന 17 ആവശ്യങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് അറിയുന്നതിനായി ചര്‍ച്ചയ്ക്കു തയ്യാറാണ്. ദലിതര്‍ക്കു തൊഴിലവസരങ്ങള്‍ നല്‍കുക, ദലിതര്‍ക്കു കാര്‍ഷികാവശ്യത്തിനായി അഞ്ചേക്കര്‍ വീതം നല്‍കുക, 2012 സുരേന്ദ്രനഗറില്‍ ദലിതര്‍ക്കു നേരെയുണ്ടായ വെടിവയ്പിനെ സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങളിലാണു കോണ്‍ഗ്രസ്സിന്റെ അഭിപ്രായം തേടുക. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പോലും തയ്യാറല്ലാത്ത ബിജെപി സര്‍ക്കാര്‍ ദലിത് വിരുദ്ധരാണെന്നു വ്യക്തമാണ്. അതിനാലാണു തങ്ങള്‍ ബിജെപി വിരുദ്ധരായത്. എന്നാല്‍ തങ്ങള്‍ മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന് അര്‍ഥമാക്കേണ്ടതില്ലെന്നും മേവാനി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ്, ദലിത് സമൂഹത്തിനു വേണ്ടി എന്തു ചെയ്യുമെന്ന് അറിയണം. അതിനാല്‍ അക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മേവാനി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത്‌സിങ് സോളങ്കി, സംസ്ഥാനത്ത് പാര്‍ട്ടിയുടെ ചുമതലയുള്ള അശോക് ഗെഹ്‌ലോട്ട് എന്നിവരുമായി ജന്‍ അധികാര്‍ മഞ്ച് പ്രസിഡന്റ് പ്രവീണ്‍ റാം ചര്‍ച്ച നടത്തി. ഗുജറാത്തിലെ സൂറത്തിലായിരുന്നു ചര്‍ച്ച. തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍, കരാര്‍ ജീവനക്കാര്‍, കുറഞ്ഞ ശമ്പളം ലഭിക്കുന്ന തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, കര്‍ഷകര്‍ എന്നിവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണു പ്രവാണ്‍ റാം രൂപീകരിച്ച ജന്‍ അധികാര്‍ മഞ്ച്.
Next Story

RELATED STORIES

Share it