കോണ്‍ഗ്രസ്സിലെ എ, ഐ തര്‍ക്കം; വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം വൈകുന്നു

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പ് നോമിനികളുടെ തര്‍ക്കം മൂലം സംസ്ഥാനത്തെ വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം അനിശ്ചിതമായി നീളുന്നു. ഒരു വര്‍ഷം മുമ്പാണ് കമ്മീഷനിലെ നാല് അംഗങ്ങള്‍ വിരമിച്ചത്. ഇപ്പോള്‍ കമ്മീഷനില്‍ മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസ് മാത്രമാണുള്ളത്.
മുഖ്യമന്ത്രി, അദ്ദേഹം നിര്‍ദേശിക്കുന്ന ക്യാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് കമ്മീഷണര്‍മാരെ നിര്‍ദേശിക്കേണ്ടത്. പന്ത്രണ്ടംഗ ചുരുക്കപ്പട്ടികയില്‍ ആറ് കോണ്‍ഗ്രസ് നോമിനികളാണ് ഇടം പിടിക്കേണ്ടത്. അവരെ ചൊല്ലിയുള്ള തര്‍ക്കമാണ് വഴി മുടക്കിയിരിക്കുന്നത്. പുതിയ പട്ടിക എ, ഐ ഗ്രൂപ്പുകള്‍ സമന്വയത്തിലെത്തി സമര്‍പ്പിക്കാത്ത പക്ഷം ഈ സര്‍ക്കാരിന്റെ കാലത്ത് വിവരാവകാശ കമ്മീഷണര്‍മാര്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയില്ല. വിവരാവകാശ കമ്മീഷണര്‍മാരായി നിയമിക്കപ്പെടുന്നവരില്‍ ഓരോ സീറ്റ് വീതം കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവര്‍ക്ക് നല്‍കാന്‍ യുഡിഎഫില്‍ ധാരണയുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രതിനിധിയായി ആരെ ഉള്‍പ്പെടുത്തണമെന്നതായിരുന്നു തര്‍ക്കത്തിന് കാരണം.
മുഖ്യമന്ത്രിയുടെ ഓഫിസ് തയ്യാറാക്കിയ 12 അംഗ പട്ടിക വെട്ടിത്തിരുത്തിയാണ് ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. വേണ്ടത്ര യോഗ്യത ഇല്ലാത്തവരെ ഉള്‍പ്പെടുത്തിയ പട്ടിക ഗവര്‍ണര്‍ തിരിച്ചയക്കുകയും ചെയ്തു.
രണ്ട് മാസം കഴിഞ്ഞാല്‍ സിബി മാത്യൂസ് വിരമിക്കുന്നതോടെ വിവരാവകാശ കമ്മീഷനില്‍ ഒരു അംഗം പോലും ഇല്ലാത്ത അവസ്ഥയുണ്ടാവും. കമ്മീഷണര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ തന്നെ കമ്മീഷനില്‍ ആയിരക്കണക്കിന് അപേക്ഷകളിലും അപ്പീലുകളിലും തീര്‍പ്പു കല്‍പ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
നിയമനം നടക്കാത്തതിനെ തുടര്‍ന്ന് 2015 നവംബറില്‍ എന്‍സിപിആര്‍ഐ സംസ്ഥാന കണ്‍വീനര്‍ എം എ പൂക്കോയ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കുകയുണ്ടായി. ഒന്നര മാസത്തിനകം നാല് കമ്മീഷനര്‍മാരുടെ നിയമനം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. വിവരാവകാശ നിയമപ്രകാരം സാമൂഹിക സേവനം, നിയമം, മേനേജ്‌മെന്റ്, പത്രപ്രവര്‍ത്തനം, ബഹുജന മാധ്യമം, ഭരണനിര്‍വഹണം തുടങ്ങിയവയില്‍ വിപുലമായ അറിവും അനുഭവജ്ഞാനവുമുള്ള ആളും പൊതു ജീവിതത്തില്‍ ഔന്നധ്യവും പുലര്‍ത്തുന്നവരെ വേണം കമ്മീഷണര്‍ സ്ഥാനത്ത് നിയമിക്കാന്‍.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ 15ന് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 219 അപേക്ഷകളില്‍ നിന്നു 12 പേരുടെ ചുരുക്കപ്പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്നതിനായി തയ്യാറാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു തയ്യാറാക്കിയ പട്ടിക ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫിസില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
Next Story

RELATED STORIES

Share it