Flash News

കോണ്‍ഗ്രസ്സിന് ഹര്‍ദിക്കിന്റെ അന്ത്യശാസനം



അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിന്റെ പിന്തുണ ലഭിക്കുന്നതിനു മുന്നോട്ടുവച്ച ഉപാധികളില്‍ നവംബര്‍ മൂന്നിനകം കോണ്‍ഗ്രസ് നിലപാടു വ്യക്തമാക്കണമെന്നു ഹര്‍ദിക് പട്ടേല്‍. പട്ടേല്‍ സമുദായത്തിനു സംവരണം എങ്ങനെ ഉറപ്പാക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലപാടു വ്യക്തമാക്കിയില്ലെങ്കില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ എന്ന പോലെ നവംബര്‍ മൂന്നിന്റെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സൂറത്ത് സന്ദര്‍ശനത്തെയും എതിര്‍ക്കുമെന്ന് ഹര്‍ദിക് പറഞ്ഞു. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ സൂറത്തിലെത്തിയ അമിത് ഷായ്ക്കു പട്ടേല്‍ സമുദായത്തിന്റെ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം സമുദായാംഗങ്ങള്‍ തടസ്സപ്പെടുത്തി. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് അറിഞ്ഞ ശേഷമേ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയുള്ളൂവെന്നു പടിതര്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ ദിനേശ് ബംഭാനിയ അറിയിച്ചു. കോണ്‍ഗ്രസ് നിലപാട് അറിയുന്നതു വരെ രാഹുല്‍ഗാന്ധിയെ കാണാന്‍ ഹാര്‍ദിക്കിനു പരിപാടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള അശോക് ഗെഹ്‌ലോട്ടിന് സമിതിയുടെ ആവശ്യങ്ങളടങ്ങിയ ഹരജി പട്ടേല്‍ കൈമാറിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 20 ശതമാനം സംവരണം നല്‍കാമെന്നാണു കോണ്‍ഗ്രസ്സിന്റെ നിലപാട്. പിന്നാക്ക വിഭാഗങ്ങളുടെ 49 ശതമാനം സംവരണത്തിനു കോട്ടംവരുത്താതെ സമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it