കോണ്‍ഗ്രസ്സിന് ജയസാധ്യതയെന്ന് ബിജെപി സര്‍വേ

ബംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് മുന്‍തൂക്കം ലഭിക്കുമെന്നു ബിജെപി സര്‍വേ. ഡെക്കാന്‍ ക്രോണിക്കിളാണ് ഇതുസംബന്ധിച്ച് റിപോര്‍ട്ട് ചെയ്തത്.
തങ്ങളുടെ കൈയില്‍ നിന്നു നഷ്ടപ്പെട്ട സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണ് ബിജെപി സര്‍വേ നടത്തിയത്. 224 അംഗ സഭയില്‍ 100 സീറ്റില്‍ കോണ്‍ഗ്രസ്സിന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം പ്രതിസന്ധി വര്‍ധിപ്പിച്ചതായും ബിജെപി വിലയിരുത്തുന്നു. ആരോപണവിധേയനായ ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് വോട്ടര്‍മാര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. ഇതിനെ മറികടക്കാന്‍ മോദിയെ പങ്കെടുപ്പിച്ച് കൂടുതല്‍ റാലി നടത്താനും ബിജെപി പദ്ധതി തയ്യാറാക്കുന്നു. എന്തുവിലകൊടുത്തും കര്‍ണാടക പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് ബിജെപി.
ക്ഷേത്ര സന്ദര്‍ശനവുമായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍ പര്യടനം തുടരുന്നതിലൂടെ കോണ്‍ഗ്രസ്സും ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണ്. ലിംഗായത്തുകളെ പ്രത്യേക മതമാക്കുന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് വിട്ടത് ബിജെപി വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കാരണമാവും. ഇത് മറികടക്കാന്‍ സമുദായ നേതാക്കളെ നേരിട്ട് കാണാന്‍ അമിത്ഷായുടെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാന ഘടകം.
Next Story

RELATED STORIES

Share it