Editorial

കോണ്‍ഗ്രസ്സിന് ആദര്‍ശം ചുമ്മാ പറയാനുള്ളതു മാത്രം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയോട് മൃദുസമീപനം പുലര്‍ത്തിയതാണോ യുഡിഎഫിനു നേട്ടമുണ്ടാക്കാന്‍ കഴിയാഞ്ഞതിനു കാരണം എന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിലെ ആലോചന സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തമാണ്. സിപിഎമ്മും ഇടതുമുന്നണിയുമായിരുന്നു യുഡിഎഫിന്റെ മുഖ്യശത്രുക്കള്‍. ഇടതുമുന്നണിയെ തോല്‍പിക്കാന്‍ എന്തുമാവാമെന്ന സമീപനമായിരുന്നു കോണ്‍ഗ്രസ്സിന്. സിപിഎമ്മും അങ്ങനെത്തന്നെ കരുതി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിക്കെതിരില്‍ ആയുധങ്ങളെല്ലാം ഉപയോഗിച്ച് അവരും പൊരുതി. മതേതര ശക്തികള്‍ തമ്മില്‍ നടന്ന ഈ കടുത്ത മല്‍സരത്തിനിടയില്‍, രാഷ്ട്രീയഘടനയില്‍ വിള്ളല്‍ സൃഷ്ടിച്ചു നേട്ടമുണ്ടാക്കുകയായിരുന്നു ഹിന്ദുത്വശക്തികള്‍. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഫലം വന്ന ശേഷമാണ് കോണ്‍ഗ്രസ്സിന് ഈ തിരിച്ചറിവുണ്ടായതെന്നു മാത്രം.
ഗ്രൂപ്പു മല്‍സരങ്ങള്‍ മൂലവും കോണ്‍ഗ്രസ്സിനു തിരിച്ചടിയുണ്ടായെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സമ്മതിക്കുന്നു. ഗ്രൂപ്പുവികാരം മൂലം യോഗ്യരും വിജയസാധ്യതയുള്ളവരുമായ സ്ഥാനാര്‍ഥികളെയല്ലപോലും പലേടത്തും നിര്‍ത്തിയത്. അതിനാല്‍ വിമതന്മാര്‍ ധാരാളം രംഗത്തുവന്നു. അവരില്‍ പലരും ഔദ്യോഗിക സ്ഥാനാര്‍ഥികളെ തോല്‍പിച്ച് വിജയം നേടി. റിബലുകള്‍ക്കെതിരില്‍ അച്ചടക്ക നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം യാതൊരു അമാന്തവും കാണിച്ചിരുന്നില്ല. എന്നു മാത്രമല്ല, അവരെ കൂട്ടുപിടിച്ച് ഭരണം കൈയിലൊതുക്കാന്‍ ശ്രമിക്കില്ലെന്ന കടുത്ത നിലപാട് എടുക്കുകയും ചെയ്തിരുന്നു.
സുധീരന്റെ ആദര്‍ശനിഷ്ഠയായിരുന്നു അതിനു വലിയൊരളവോളം പ്രേരകം. പക്ഷേ, നിര്‍വാഹക സമിതി ചേര്‍ന്നപ്പോള്‍ ഈ ആദര്‍ശബോധമൊക്കെ പാര്‍ട്ടിയില്‍ നിന്ന് ഒലിച്ചിറങ്ങിപ്പോയതാണ് കാണുന്നത്. കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് കെപിസിസി. പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിമതരായി മല്‍സരിച്ച ആളുകളുമായി യോജിപ്പുണ്ടാക്കാമെന്നു തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍, ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ത്ത് അവസരവാദപരമായ നിലപാടെടുക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് കെപിസിസി. സുധീരന്റെ ആദര്‍ശഘോഷമൊക്കെ വെറുതെ.
ഇന്ത്യയിലും കേരളത്തിലുമെല്ലാം മതേതര ജനാധിപത്യ കക്ഷിയെന്ന പ്രതിച്ഛായ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചുപോരുന്നത്. ഈ മതേതര പ്രതിച്ഛായ കാരണം ന്യൂനപക്ഷങ്ങള്‍ വലിയൊരളവോളം കോണ്‍ഗ്രസ്സില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുമുണ്ട്. അതിനാല്‍, കേരളത്തില്‍ കോണ്‍ഗ്രസ്സിനു തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികള്‍ മതേതരത്വത്തിനു കടുത്ത ഭീഷണിയുയര്‍ത്തുന്നുവെന്നത് ഒരു വസ്തുതയാണ്. ഈ സന്ദര്‍ഭത്തില്‍ കെപിസിസി തല്‍സംബന്ധമായി ചില തിരിച്ചറിവുകളില്‍ എത്തിച്ചേര്‍ന്നത് സ്വാഗതാര്‍ഹമാണുതാനും. എന്നിട്ടെന്ത്? കാര്യങ്ങള്‍ ശരിയായി തിരിച്ചറിഞ്ഞതിനു ശേഷവും കാര്യലാഭത്തിനു വേണ്ടി അവസരവാദപരമായ സമീപനങ്ങള്‍ കൈക്കൊള്ളാന്‍ തന്നെയാണ് കോണ്‍ഗ്രസ് തുനിഞ്ഞിറങ്ങുന്നത്.
Next Story

RELATED STORIES

Share it