കോണ്‍ഗ്രസ്സിന്റെ ജംബോ സാധ്യതാപട്ടിക ഹൈക്കമാന്‍ഡിന് കൈമാറി

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ സാധ്യതാപട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പേരില്ലാതെയുള്ള ജംബോ പട്ടികയാണ് കൈമാറിയത്. സുധീരന്‍ മണലൂരില്‍ മല്‍സരിക്കുമെന്ന പ്രചാരണം നേരത്തേ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് സമിതിയിലോ ഹൈക്കമാന്‍ഡ് ചര്‍ച്ചകളിലോ സുധീരന്റെ പേരും ഉയര്‍ന്നുവന്നേക്കാം.
അതേസമയം, സിനിമാതാരങ്ങളായ ജഗദീഷ് പത്തനാപുരത്തും സിദ്ദീഖ് അരൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവും. നേമം മണ്ഡലത്തിലേക്ക് പരിഗണനയിലുണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്റെ പേര് സാധ്യതാപട്ടികയിലില്ല. മന്ത്രി ആര്യാടന്‍ മുഹമ്മദ് ഒഴികെയുള്ള സിറ്റിങ് എംഎല്‍എമാരെല്ലാം ഇടംനേടിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ച നടത്തിയശേഷമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് മല്‍സരിച്ച 82 സീറ്റുകളിലെ സാധ്യതാപട്ടിക എഐസിസിക്ക് സമര്‍പ്പിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ഇരുവരുടെയും പേരുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. എംഎല്‍എമാരെല്ലാം പട്ടികയില്‍ ഇടംനേടിയെങ്കിലും ഇവര്‍ക്കൊപ്പം മറ്റു പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഓരോ മണ്ഡലത്തിലും ശരാശരി അഞ്ചു പേരുകള്‍ വരെയുണ്ട്. 13 ഡിസിസി അധ്യക്ഷന്മാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കെപിസിസി തിരഞ്ഞെടുപ്പ് സമിതി ഈ മാസം 23നു ചേരും. ഹൈക്കമാന്‍ഡിന്റെ ഭേദഗതികള്‍ കൂടി വച്ചുള്ള ചര്‍ച്ചയാവും അന്നു നടത്തുക. തുടര്‍ന്ന് അന്തിമ പട്ടിക തയ്യാറാക്കും.
Next Story

RELATED STORIES

Share it