കോണ്‍ഗ്രസ്സിനോട് മൃദു സമീപനം സ്വീകരിക്കാന്‍ മമതയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനോട് കടുത്ത സമീപനം വേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു മമതാ ബാനര്‍ജിയുടെ നിര്‍ദേശം. കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടിയുടെ പ്രധാനയോഗത്തിലാണ് മമത കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കരുതെന്നും അവരോട് മൃദുസമീപനം പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയത്. പാര്‍ട്ടി എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്. രാഷ്ട്രപതീ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അടുത്തിടെ മമതാ ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ നടപടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി ചേര്‍ന്നു തൃണമൂലിനെതിരേ സഖ്യം രൂപീകരിച്ചു മല്‍സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിനെ ശത്രുവായി കണേണ്ടെന്നാണു മമത പറഞ്ഞിരിക്കുന്നത്. ബംഗാളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. അവരൊരിക്കലും പാര്‍ട്ടിക്കു ഭീഷണിയാവില്ല. പാര്‍ട്ടിയുടെ പ്രധാന ശത്രുക്കള്‍ ബിജെപിയും സിപിഎമ്മും ആണെന്നും അവര്‍ പറഞ്ഞതായി തൃണമൂല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു യോഗം. നേതൃയോഗത്തിനു ശേഷം നിയമസഭാ പ്രതിപക്ഷനേതാവായ കോണ്‍ഗ്രസ്സിലെ അബ്ദുല്‍ മന്നാനുമായി മമത കൂടിക്കാഴ്ച നടത്തി. മന്നാന്റെ ആരോഗ്യവിവരങ്ങളും മമത ചോദിച്ചറിഞ്ഞു. യോഗത്തില്‍ മമത നടത്തിയ പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ തൃണമൂലിന്റെ പുതിയ സമീപനത്തിന്റെ രാഷ്ട്രീയ സാഹചര്യം നിഷേധിക്കാന്‍ കോണ്‍ഗ്രസ് ബംഗാള്‍ ഘടകം അധ്യക്ഷന്‍ ആധീര്‍ ചൗധരി തയ്യാറായതുമില്ല. മമത ചുറുചുറുക്കും കഴിവുമുള്ള നേതാവാണ്. അവര്‍ ഞങ്ങളുടെ പാര്‍ട്ടിയെ കുറിച്ചു പറഞ്ഞത് വലിയ കാര്യമാക്കേണ്ട. പാര്‍ട്ടി പറഞ്ഞതനുസരിച്ച് ഞാന്‍ മുന്നോട്ടുപോവും. അംഗത്വവിതരണത്തിലൂടെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനാണു പാര്‍ട്ടി കേന്ദ്രനേതൃത്വം തങ്ങളോടു പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയെ നയിക്കാന്‍ ഞങ്ങള്‍ക്കു മമതയുടെ സഹായം ആവശ്യമില്ല ചൗധരി കൂട്ടിച്ചേര്‍ത്തു. തൃണമൂലുമായി ഏതെങ്കിലും വിധത്തിലുള്ള നീക്കുപോക്കുകള്‍ നടത്തുംമുമ്പ് ബംഗാള്‍ ഘടകവുമായി കൂടിയാലോചിക്കണമെന്നാവശ്യപ്പെട്ടു നേരത്തെ സോണിയഗാന്ധിക്ക് ആധീര്‍ ചൗധരി കത്തയച്ചിരുന്നു.
Next Story

RELATED STORIES

Share it