Flash News

കോണ്‍ഗ്രസ്സിനോടുള്ള നീരസം തുറന്നടിച്ച് മാണി ; നിലപാട് മയപ്പെടുത്തി



തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ സ്വീകരിച്ച നടപടിയില്‍ കെ എം മാണി നിലപാട് മയപ്പെടുത്തി. സ്വന്തം പാര്‍ട്ടിയില്‍നിന്നും കോണ്‍ഗ്രസ്സില്‍നിന്നും രൂക്ഷമായ പ്രതികരണമുണ്ടാവുകയും സിപിഐയും വിഎസും പരസ്യമായ നിലപാടെടുക്കുകയും ചെയ്തതോടെയാണിത്.  എംഎല്‍എ ഹോസ്റ്റലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ്സിനോടുള്ള നീരസം മാണി തുറന്നടിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ തേടിയത് നിര്‍ഭാഗ്യകരമായിപ്പോയെന്നു വ്യക്തമാക്കിയ മാണി, പാര്‍ട്ടി ജില്ലാ നേതൃത്വത്തെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും തള്ളിപ്പറയാന്‍ തയ്യാറല്ലെന്നും ചെയര്‍മാനെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി. അന്ധമായ അടുപ്പവും വിരോധവും ഒരു പാര്‍ട്ടിയോടുമില്ല. സിപിഎം തൊട്ടുകൂടാത്ത പാര്‍ട്ടിയാണെന്ന് കരുതുന്നുമില്ല. പാര്‍ട്ടി സംസ്ഥാന ഘടകം അറിഞ്ഞായിരുന്നില്ല കോട്ടയത്ത് സിപിഎം കൂട്ടുകെട്ടുണ്ടായത്. സിപിഎം കൂട്ടുകെട്ടിന് ഉത്തരവാദി കോട്ടയം ഡിസിസിയാണ്. കോട്ടയം ഡിസിസി വിലയ്ക്കുവാങ്ങിയ നടപടിയായിരുന്നു അതെന്ന് മാണി ന്യായീകരിക്കുകയും ചെയ്തു. ഇതു വലിയ സംഭവമായി മാധ്യമങ്ങള്‍ ചിത്രീകരിക്കുകയാണ്. അത് നിര്‍ത്തണമെന്നും മാണി ആവശ്യപ്പെട്ടു.തങ്ങളെപ്പോഴും യുഡിഎഫുമായി ചേര്‍ന്നുപോവണമെന്ന് ആഗ്രഹിക്കുന്നവരാണ്. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്സിന് ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ്സിന് ജയിക്കണമെങ്കില്‍ തങ്ങളുടെയും പിന്തുണ വേണം. എന്നാല്‍, കേരളാ കോണ്‍ഗ്രസ്സിനെ വേണ്ടെങ്കില്‍ തങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനെയും വേണ്ട. അമേരിക്കയും റഷ്യയും അടിക്കുമ്പോള്‍ ഇവിടെയും അവിടെയും നഷ്ടങ്ങളുണ്ടാവുമല്ലോ എന്നും മാണി പ്രതികരിച്ചു. സിപിഎം സഖ്യം പാര്‍ട്ടിയുടെ നയപരമായ തീരുമാനമല്ല. സംഭവത്തെ പാര്‍ട്ടി വിലയിരുത്തും. ഇടതുപക്ഷവുമായി സഹകരിക്കുമെന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സിപിഎമ്മുമായി ബന്ധമില്ലാത്ത ഏതെങ്കിലും പാര്‍ട്ടിയുണ്ടോ? താനും എ കെ ആന്റണിയും ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മുമായി ഒന്നിച്ച് സഹകരിച്ച ചരിത്രം മറക്കരുത്. ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമല്ലാത്തതുകൊണ്ട് കേരളാ കോണ്‍ഗ്രസ്സിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാം. ഒരു പ്രാദേശിക നീക്കുപോക്കിനെ മാര്‍ക്‌സിസ്റ്റ് സഖ്യമെന്ന ഉമ്മാക്കി കാട്ടി ആരും പേടിപ്പിക്കേണ്ട. കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ചെന്നാല്‍ സിപിഐയുടെ ഗ്രേഡ് കുറയും. അതാണ് അവരെ ആശങ്കപ്പെടുത്തുന്നത്. കോട്ടയത്തെ സിപിഎം പിന്തുണ എല്‍ഡിഎഫിലേക്കുള്ള ചവിട്ടുപടിയാണെന്നൊക്കെ ചിലര്‍ പറയുന്നു. അങ്ങനെയുള്ള മുന്‍കൂര്‍ നടപടിയൊന്നുമല്ല അത്. കേരളാ കോണ്‍ഗ്രസ്സിനെ മുറിവേല്‍പ്പിക്കാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. ലീഗ് മാത്രമാണ് ഊഷ്മള ബന്ധം എപ്പോഴും നിലനിര്‍ത്തിയത്. തങ്ങള്‍ ഒരു മുന്നണിയിലേക്കും അപേക്ഷയുമായി പോയിട്ടില്ല. കേരളാ കോണ്‍ഗ്രസ്സിന്റെ തീരുമാനങ്ങള്‍ക്ക് ജോസ് കെ മാണിയെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. ജോസ് കെ മാണിക്കെതിരേ രംഗത്തുവരുന്നവര്‍ക്ക് അജണ്ട ഉണ്ടായിരിക്കാം. കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായ ഇ ജെ ആഗസ്തിയുടെ രാജി സ്വീകരിച്ചിട്ടില്ല. പി ജെ ജോസഫ് അതൃപ്തി രേഖപ്പെടുത്തിയെങ്കിലും അതുസംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിര്‍ഭാഗ്യകരമായ സംഭവമാണെന്നായിരുന്നു പി ജെ ജോസഫ് പുതിയ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത്. പുതിയ നീക്കത്തെക്കുറിച്ച് ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ല. ചരല്‍ക്കുന്ന് ക്യാംപിലെ തീരുമാനങ്ങളാണ് നടപ്പാക്കേണ്ടിയിരുന്നത്. പ്രാദേശികമായി യുഡിഎഫുമായി സഹകരിക്കാനായിരുന്നു തീരുമാനം. പുതിയ രാഷ്ട്രീയനീക്കത്തെക്കുറിച്ച്  മാണിയുമായി ചര്‍ച്ച ചെയ്യുമെന്നും ജോസഫ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it