കോണ്‍ഗ്രസ്സിനെ ബൂത്ത്തലം മുതല്‍ പുനരുജ്ജീവിപ്പിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ്സിനെ ബൂത്ത്തലം മുതല്‍ പുനരുജ്ജീവിപ്പിക്കുകയാണ് തന്റെ പ്രഥമ കര്‍ത്തവ്യമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനായി ബൂത്ത് തല കമ്മിറ്റികള്‍ ഘട്ടംഘട്ടമായി പുനസ്സംഘടിപ്പിക്കും. ഇതിന്റെ രൂപരേഖ തയ്യാറായി.
ബൂത്ത് തല കമ്മിറ്റിയില്‍ മഹിളാ വൈസ് പ്രസിഡന്റുണ്ടാവും. പുനസ്സംഘടനയില്‍ മഹിളകള്‍, യുവാക്കള്‍, മതന്യൂനപക്ഷ വിഭാഗങ്ങള്‍, അവശജന വിഭാഗങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അടിമുതല്‍ മുടിവരെ പുനസ്സംഘടിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. എഐസിസി മുന്നോട്ടുവച്ച ഗൈഡ്‌ലൈനില്‍ നിന്നു വ്യതിചലിക്കാതെ ഇതു നടപ്പാക്കും. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് മാര്‍ഗങ്ങളിലൂടെയാണ് ഭാരവാഹികളെ കണ്ടെത്തുക. നേരത്തേ വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ ഒറ്റ ദിവസം കൊണ്ട് എല്ലാ ബൂത്ത് കമ്മിറ്റികളും പുനസ്സംഘടിപ്പിച്ചിരുന്നു. എന്നാല്‍, പരിമിതമായ സമയം കൊണ്ടോ മറ്റോ അവകള്‍ ഫലവത്തായി പ്രവര്‍ത്തിക്കാത്തതായിരുന്നു. ഇക്കാര്യം അദ്ദേഹത്തിനു തന്നെ ബോധ്യമുണ്ട്. നിലവിലെ കെപിസിസി, ഡിസിസി ഭാരവാഹികള്‍ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ല. പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുന്നതിനായി കെപിസിസി പ്രഖ്യാപിച്ച 1000 വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി മുന്‍ പ്രസിഡന്റ് എം എം ഹസന്‍ അധ്യക്ഷനും കെ വി തോമസ്, കെ സുധാകരന്‍ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിച്ചു.

Next Story

RELATED STORIES

Share it