Flash News

കോണ്‍ഗ്രസ്സിനെ ഇനി രാഹുല്‍ നയിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറെക്കാലത്തെ മുറവിളികള്‍ക്ക് അന്ത്യം കുറിച്ച് പാര്‍ട്ടിയെ ഇനി രാഹുല്‍ ഗാന്ധി നയിക്കും. ഇന്നലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയുടെ അനുഗ്രഹം വാങ്ങി പ്രമുഖ നേതാക്കളോടൊപ്പമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. അധ്യക്ഷസ്ഥാനത്തേക്ക് മറ്റാരും ഇതുവരെ പത്രിക സമര്‍പ്പിക്കാത്തതിനാല്‍ രാഹുലിന്റെ പ്രവേശനത്തിന് ഇനി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ജനുവരിയില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുല്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും. ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിരുന്ന സോണിയാഗാന്ധിയില്‍ നിന്നാണ് രാഹുല്‍ പദവി ഏറ്റെടുക്കുന്നത്. 1998 മുതല്‍ സോണിയാഗാന്ധിയാണു പാര്‍ട്ടി അധ്യക്ഷ.ഇന്നലെ രാവിലെ പത്തരയോടെയാണ് 24 അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി രാഹുല്‍ പത്രിക നല്‍കിയത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും രാഹുലിനോടൊപ്പം പത്രിക സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മന്‍മോഹന്‍ സിങ്, സോണിയാ ഗാന്ധി തുടങ്ങിയവരാണു പത്രികയില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ച് ഒപ്പുവച്ചത്. എ കെ ആന്റണി, ഗുലാംനബി ആസാദ്, പി ചിദംബരം തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പത്രികയില്‍ ഒപ്പുവച്ചിട്ടുണ്ട്.  കേരളത്തില്‍ നിന്നു 30 കെപിസിസി അംഗങ്ങള്‍ ഒപ്പിട്ട പത്രിക രാഹുലിന് വേണ്ടി നല്‍കി. മൂന്നു സെറ്റ് പത്രികയാണു കേരളത്തില്‍ നിന്നു നല്‍കിയത്.    പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ മൂന്നുമണിയോടെ 89 സെറ്റ് പത്രികകള്‍ ലഭിച്ചുവെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സൂക്ഷ്മനിരീക്ഷണത്തിനുശേഷം ഇന്നു സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
Next Story

RELATED STORIES

Share it