കോണ്‍ഗ്രസ്സിനെതിരേ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്(എം)

കോട്ടയം: കേരളാ കോണ്‍ഗ്രസ്സിനെ ക്രൂശിക്കാനും രാഷ്ട്രീയമായി ഇല്ലാതാക്കാനും കോണ്‍ഗ്രസ് ശ്രമിച്ചെന്ന് പാര്‍ട്ടി നേതൃയോഗം. തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി ഇന്നലെ കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റിയിലാണ് കോണ്‍ഗ്രസ്സിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.
ബാര്‍കോഴ ആരോപണത്തില്‍ മാണിയെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് യോഗം കുറ്റപ്പെടുത്തി. ബാര്‍കോഴ കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം കെട്ടിച്ചമച്ചതാണ്. കോഴ ആരോപണത്തില്‍ കോണ്‍ഗ്രസ്സില്‍നിന്നുണ്ടായ നിലപാടുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. മാണി മന്ത്രിസ്ഥാനം രാജിവയ്ക്കാനുണ്ടായ സാഹചര്യത്തിലെ ഇടപെടലുകള്‍ ഒരു ഘടകകക്ഷി നേതാക്കളോടും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. ബാര്‍ കോഴയില്‍ കെ ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് മാണിയോട് നീതികാണിച്ചില്ല. ഇതു കടുത്ത വഞ്ചനയായിരുന്നെന്നും 'ബറാബാസിനെ രക്ഷിക്കൂ, യേശുവിനെ ക്രൂശിക്കൂ' എന്ന നിലപാടാണ് കോണ്‍ഗ്രസ്സിനുണ്ടായിരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
അരുവിക്കര തിരഞ്ഞെടുപ്പു വരെ യുഡിഎഫ് പ്രവര്‍ത്തനം ഒറ്റക്കെട്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഇല്ലാതായപ്പോള്‍ ഘടകകക്ഷികളെയും ഇല്ലാതാക്കി. ഘടകകക്ഷികളെ ഇല്ലാതാക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ആര്‍എസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഈ തിരഞ്ഞെടുപ്പില്‍ പിന്നോട്ടുപോയത് കോണ്‍ഗ്രസ്സിന്റെ ഈ നിലപാടുകൊണ്ടാണ്. കേരളാ കോണ്‍ഗ്രസ്സിനെയും ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നു. എന്നാല്‍, പാര്‍ട്ടിക്കുള്ള ജനപിന്തുണയാണ് രക്ഷിച്ചതെന്നും യോഗം വിലയിരുത്തി.
2011നെ അപേക്ഷിച്ച് 2016ല്‍ ബിജെപിക്കു ലഭിച്ച അധിക വോട്ടുകള്‍ 41 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനു ഗുണം ചെയ്തു. കോണ്‍ഗ്രസ്സിന്റെ ചില നിലപാടുകളും തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായി. മെത്രാന്‍ കായല്‍ വിവാദത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചത് ഘടകകക്ഷികളെയും മുന്നണിയെയും ബാധിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ പല തീരുമാനങ്ങളും മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള നിലപാടുകളും തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പരാജയത്തിന് ആക്കംകൂട്ടിയെന്നും യോഗം വിലയിരുത്തി.
പൂഞ്ഞാര്‍, കോതമംഗലം, കുട്ടനാട്, തിരുവല്ല, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയും യോഗത്തില്‍ ചര്‍ച്ചചെയ്തു. യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി, പി ജെ ജോസഫ് എംഎല്‍എ, എംപിമാരായ ജോയി എബ്രഹാം, ജോസ് കെ മാണി, മോന്‍സ് ജോസഫ് എംഎല്‍എ പങ്കെടുത്തു.
Next Story

RELATED STORIES

Share it