Flash News

കോണ്‍ഗ്രസ്സിനെതിരേ പരോക്ഷ വിമര്‍ശനവുമായി യുഡിഎഫ് സ്ഥാനാര്‍ഥിഎ ജയകുമാര്‍

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയും മുമ്പേ കോണ്‍ഗ്രസ്സിനെതിരേ പരോക്ഷ വിമര്‍ശനവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍. തിരഞ്ഞെടുപ്പിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പല പ്രവര്‍ത്തകര്‍ക്കും സാധിച്ചില്ലെന്നും പ്രചാരണത്തില്‍ പിന്നോട്ട് പോയതായുമാണ് തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് സ്ഥാനാര്‍ഥി തുറന്നടിച്ചത്.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ഥി ഇത്തരമൊരു പ്രതികരണവുമായി രംഗത്തെത്തിയത് യുഡിഎഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. അതേസമയം തോല്‍വി ഉറപ്പായതാണ് ഡി വിജയകുമാറിന്റെ പ്രതികരണത്തിന് പിന്നിലെന്ന ആരോപണവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തി.
ബൂത്ത് പ്രവര്‍ത്തനങ്ങളിലാണ് വീഴ്ച സംഭവിച്ചത്. തന്റെ വീട്ടില്‍ ഒരു പ്രചാരണ നോട്ടീസ് പോലും എത്തിച്ചില്ലെന്നും വിജയകുമാര്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തനല്ല എന്ന് പറഞ്ഞ ഡി വിജയകുമാര്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ്സിലെ ചില പ്രാദേശിക പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിനെ വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി—ക്കും വീഴ്ചപറ്റിയിട്ടുണ്ട്. തനി—ക്കു വേണ്ടിയുള്ള പരസ്യങ്ങള്‍ കുറവായിരുന്നു. പ്രചാരണത്തിനായി തന്റെ അഭിപ്രായങ്ങള്‍ തേടിയില്ല. മണ്ഡലത്തിലെത്തിയ ചിലര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രസംഗിച്ചുവെന്നും വിജയകുമാര്‍ പറഞ്ഞു.
അതേസമയം ഘടകകക്ഷികള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഒപ്പം നിന്നു പ്രവര്‍ത്തിച്ചുവെങ്കിലും താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ സജീവമല്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ പിന്നീട് ഇതിന് വിശദീകരണവുമായി വിജയകുമാര്‍തന്നെ രംഗത്തെത്തി.
മാധ്യമപ്രവര്‍ത്തകരുമായുള്ള സ്വകാര്യ സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വാര്‍ത്ത നല്‍കുകയാണ് ചെയ്തതെന്ന് വിജയകുമാര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ജയം യുഡിഎഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉറച്ച യുഡിഎഫ് കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കഴിഞ്ഞതവണ കാല്‍ തെറ്റിവീണതിന്റെ കേടു മാറ്റാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്സും യുഡിഎഫും. ഏറെക്കുറെ ജനസമ്മതനായ സ്ഥാനാര്‍ഥിതന്നെയായിരുന്നു ഡി വിജയകുമാര്‍.
Next Story

RELATED STORIES

Share it