കോണ്‍ഗ്രസ്സിനെതിരായ മാണിയുടെ നിലപാട് തള്ളി പി ജെ ജോസഫ്‌

കോട്ടയം/തിരുവ—നന്തപുരം: കോണ്‍ഗ്രസ്സുമായുള്ള സഹകരണം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സി (എം)ലെ അഭിപ്രായഭിന്നത വീണ്ടും മറനീക്കുന്നു. കോണ്‍ഗ്രസ്സിനെയും മുന്‍ യുപിഎ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രമായ “പ്രതിച്ഛായ’യില്‍ ചെയര്‍മാന്‍ കെ എം മാണി എഴുതിയ ലേഖനത്തെച്ചൊല്ലിയാണ് പുതിയ വിവാദം. ലേഖനത്തില്‍ കോണ്‍ഗ്രസ്സിനെതിരായ കെ എം മാണിയുടെ രൂക്ഷവിമര്‍ശനത്തെ തള്ളി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫും മാണിയെ പിന്തുണച്ച് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും രംഗത്തെത്തിയതോടെയാണ് മുന്നണി പ്രവേശനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയിലെ അസ്വാരസ്യം വ്യക്തമായിരിക്കുന്നത്. ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് മുഖപത്രത്തിലെ ലേഖനവും തുടര്‍ ചര്‍ച്ചകളുമെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സും മുന്‍ യുപിഎ സര്‍ക്കാരും കര്‍ഷകവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചതെന്നായിരുന്നു മാണിയുടെ കുറ്റപ്പെടുത്തല്‍. അതേസമയം, കോണ്‍ഗ്രസ്സിന് ഇപ്പോള്‍ കര്‍ഷകവിരുദ്ധ നിലപാടില്ലെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം. മുമ്പ് അത്തരം നിലപാടുകളുണ്ടായപ്പോള്‍ തങ്ങള്‍ അത് തിരുത്തിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചതിനു ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും ജോസഫ് മാധ്യമങ്ങളെ അറിയിച്ചു. പ്രതിച്ഛായയില്‍ കെ എം മാണി എഴുതിയ ലേഖനം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടാണെന്നാണ് ജോസ് കെ മാണി വിഷയത്തോട് പ്രതികരിച്ചത്.
Next Story

RELATED STORIES

Share it