കോണ്‍ഗ്രസ്സിനും ബിജെപിക്കും ഒരേ വര്‍ഗസ്വഭാവം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സഖ്യമാവാമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ നിലപാട് പാടെ തള്ളി സിപിഎം കരട് രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസ് ബിജെപിയുടെ അതേ വര്‍ഗ സ്വഭാവം പ്രകടമാക്കുന്ന പാര്‍ട്ടിയാണെന്ന  നിലപാടില്‍ ഊന്നുന്നതാണ് കരട്. ഇടത്-മതേതരകക്ഷികളുമായി ചേര്‍ന്ന് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ്സുമായി യാതൊരുവിധ തിരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ പാടില്ലെന്നും രാഷ്ട്രീയ പ്രമേയം നിലപാട് വ്യക്തമാക്കുന്നു. യെച്ചൂരിയുടെ നിലപാടുകള്‍ അവഗണിക്കുന്നതും പ്രകാശ് കാരാട്ട്പക്ഷം മുന്നോട്ടുവച്ച നിലപാട് പൂര്‍ണമായും അംഗീകരിക്കുന്നതുമാണ് നിലവിലെ കരട് പ്രമേയം. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍,  വര്‍ഗീയസംഘര്‍ഷങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെട്ടവരാണ് കോണ്‍ഗ്രസ്. ബിജെപിയെ പോലെ തന്നെ  കോണ്‍ഗ്രസും നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്നു. കോര്‍പറേറ്റുകളുടെയും മറ്റു വന്‍കിടക്കാരുടെയും  താല്‍പര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസും മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഗ്രസ്സിന്റെ ജനസ്വാധീനം വ്യാപകമായി ഇടിഞ്ഞെന്നും കരട് രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തുന്നു. അതേസമയം തന്നെ, പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടില്‍ ഊന്നിനിന്നു കൊണ്ടു പരമാവധി ബിജെപി വിരുദ്ധ വോട്ടുകള്‍ നേടിയെടുക്കാനാവുന്ന വിധം രാഷ്ട്രീയതന്ത്രങ്ങള്‍ സ്വീകരിക്കാമെന്നും രേഖയില്‍ പറയുന്നുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്നതിനുള്ള രാഷ്ട്രീയപ്രമേയത്തിന്റെ കരടുരൂപമാണ് ഇന്നലെ പുറത്തിറക്കിയത്. കരട് കീഴ്ഘടകങ്ങള്‍ക്ക് നല്‍കി നിര്‍ദേശങ്ങള്‍ ആരാഞ്ഞശേഷമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുക.
Next Story

RELATED STORIES

Share it