കോണ്‍ഗ്രസിലെ സോണിയാ യുഗം അവസാനിക്കുമ്പോള്‍

ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ സമ്പൂര്‍ണ നിയന്ത്രണം രാഹുല്‍ഗാന്ധി ഏറ്റെടുക്കുമ്പോള്‍ അവസാനിക്കുന്നത് സോണിയാ ഗാന്ധിയെന്ന സംഭവബഹുലമായ ഒരു രാഷ്ട്രീയ കാലഘട്ടമാണ്. നീണ്ട 19 വര്‍ഷത്തെ കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്നു സോണിയ പടിയിറങ്ങുമ്പോള്‍ ഇനി സജീവ രാഷ്ട്രീയത്തിനില്ലെന്ന സൂചന നല്‍കുന്നു. ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടി അധ്യക്ഷസ്ഥാനം അലങ്കരിച്ച വ്യക്തിയെന്ന ചരിത്രനിയോഗവുമായാണ് സോണിയ നില്‍ക്കുന്നത്. ഇക്കാലയളവില്‍ രണ്ടു യുപിഎ സര്‍ക്കാരുകളെയാണ് പരോക്ഷമായി സോണിയ എന്ന രാഷ്ട്രീയക്കാരി നിയന്ത്രിച്ചത്. തികച്ചും ആകസ്മികമായിരുന്നു സോണിയയുടെ രാഷ്ട്രീയ പ്രവേശനം. 1991ല്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടതോടെയാണ് സോണിയ രാഷ്ട്രീയത്തിലെത്തുന്നത്. ഇന്ദിരാഗാന്ധിയുടെ മരുമകള്‍ രാജീവ്ഗാന്ധിയുടെ വിധവ ഇതുമാത്രമായിരുന്നു അവരുടെ അന്നത്തെ രാഷ്ട്രീയ പിന്‍ബലം. പക്ഷേ, കോണ്‍ഗ്രസ് അവരെ ഏറ്റെടുക്കുകയായിരുന്നു. 1997ല്‍ പാര്‍ട്ടി അംഗമായ സോണിയ 1998ല്‍ തന്നെ അധ്യക്ഷപദവിയിലേക്കെത്തി. ജന്മം കൊണ്ട് ഇറ്റലിക്കാരിയായ ആന്റോണിയ ആല്‍ബിയോ മെയന എന്ന സോണിയാ ഗാന്ധി രാജീവ്ഗാന്ധിയുടെ പത്‌നിയായതു മുതല്‍ വിവാദങ്ങളും ഒപ്പമുണ്ടായിരുന്നു. 1968ല്‍ വിവാഹിതയായ സോണിയ 1983ലാണ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. ഇതു സോണിയക്ക് ഇന്ത്യന്‍ രീതികളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണെന്ന് അന്നുമുതലേ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കിയിരുന്നു. അഞ്ചു വര്‍ഷത്തെ രാജീവ്ഗാന്ധി ഭരണത്തില്‍ ഉയര്‍ന്ന ബോഫോഴ്‌സ് കോഴക്കേസിലും സോണിയയുടെ ഇറ്റാലിയന്‍ ബന്ധം വലിച്ചിഴയ്ക്കപ്പെട്ടു. 1998 മാര്‍ച്ച് 14ന് സീതാറാം കേസരിയുടെ പിന്‍ഗാമിയായി സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയപ്പോള്‍ മികച്ച രാഷ്ട്രീയക്കാരിയുടെ മെയ്‌വഴക്കം അവര്‍ സ്വായത്തമാക്കിയിരുന്നു. 1999ല്‍ തന്നെ റായ്ബറേലിയില്‍ നിന്നു ലോക്‌സഭയിലെത്തി. രണ്ടുപതിറ്റാണ്ടു നീണ്ടുനിന്ന ആ അധ്യക്ഷപദവി തികച്ചും വെല്ലുവിളികള്‍ നിറഞ്ഞതു തന്നെയായിരുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ തുടര്‍ച്ചയായി ഭരണത്തെത്തിച്ചു. പാര്‍ട്ടി ചരിത്രത്തിലെ തന്നെ വലിയ തോല്‍വി ഏറ്റുവാങ്ങുന്നതിനും അവര്‍ സാക്ഷിയായി. നിലവില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവാണ് സോണിയ.ഇറ്റാലിയന്‍ പൗരത്വമായിരുന്നു പ്രതിപക്ഷം എപ്പോഴും സോണിയക്കെതിരേ ഉയര്‍ത്തിയ ആയുധം. എന്നാല്‍, “ഇന്ത്യന്‍ ഉരുക്കു വനിത ഇന്ദിരാ ഗാന്ധിയുടെ മരുമകളായതോടെ താന്‍ ഹൃദയം കൊണ്ട് ഇന്ത്യക്കാരിയായി’ എന്ന അവരുടെ മറുപടിയും പ്രശസ്തമാണ്. 2004ല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎ സഖ്യം പരാജയപ്പെട്ടപ്പോഴായിരുന്നു സോണിയാ ഗാന്ധിയുടെ നേതൃമികവ് രാജ്യം തിരിച്ചറിയുന്നത്. തിരഞ്ഞെടുപ്പു വിജയം സോണിയ പ്രധാനമന്ത്രിയാവുമെന്ന പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അവര്‍ വിട്ടുനിന്നു. തുടര്‍ന്ന്, സാമ്പത്തിക വിദഗ്ധനായ ഡോ. മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിസ്ഥാനത്തേക്കു നിര്‍ദേശിച്ചതും സോണിയയായിരുന്നു. പൗരത്വം സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്നു പ്രതിയോഗികള്‍ പറയുമ്പോള്‍ സോണിയയുടെ ത്യാഗമനോഭാവമായി അവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ സൃഷ്ടിച്ച് ഭരണം നിയന്ത്രിക്കുകയായിരുന്നു സോണിയ ചെയ്തതെന്നു പിന്നീട് പാര്‍ട്ടിയില്‍ നിന്നുപോലും ആരോപണമുയര്‍ന്നു.
Next Story

RELATED STORIES

Share it