thrissur local

കോണ്‍ക്രീറ്റ് അടര്‍ന്ന് മാറി; വൈന്തോട് പാലം അപകട ഭീഷണിയില്‍

മാള: ഏത് നിമിഷവും തകരാന്‍ തയ്യാറായി ഒരു പാലം. മാള കോട്ടമുറിയില്‍ നിന്നും കൊടവത്തു കുന്ന് കോട്ടവാതില്‍ അമ്പഴക്കാട് ഭാഗങ്ങളിലേക്കുള്ള പിഡബ്ല്യുഡി റോഡിലെ വൈന്തോട് പാലത്തിനാണീ ദുര്‍ഗതി.
നൂറ്റാണ്ടപ്പഴക്കമുള്ള പാലത്തിന്റെ അടിയില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് മാറി കമ്പികള്‍ പുറത്തു വന്ന നിലയിലാണ്. കൈവരികള്‍ തുരുമ്പ് ബാധിച്ച് തകര്‍ച്ചാഭീഷണിയിലാണ്. ചാലക്കുടിയിലേക്ക് സര്‍വീസ് നടത്തുന്ന രണ്ട് ബസുകള്‍ യാത്രക്കാരെയും കുത്തി നിറച്ച് പാലത്തിലൂടെ പോകുന്നതു പതിവ് കാഴ്ച്ചയാണ്.
പാലം പുനര്‍നിര്‍മാണമാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം നടത്തി. ഇതേ തുടര്‍ന്ന് ഭാരവാഹനങ്ങള്‍ ഭാരം ഇറക്കി പോകണമെന്ന് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചു. ഒരു വര്‍ഷത്തോളമിങ്ങനെ ചെയ്‌തെങ്കിലും പിന്നീട് ഇത് പാലിക്കാതായി. ഇതിനിടെ പാലം അല്‍പം താഴേക്ക് ഇരുന്നതായി നിവാസികള്‍ പറയുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യമുണ്ട്. പാലത്തെ അവഗണിച്ചവരെ തിരഞ്ഞെടുപ്പിലൂടെ പാഠം പഠിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലത്തിനു സമീപം രണ്ട് ഹരിജന്‍ കുടിലുകളുണ്ട്. ഇവര്‍ ഭീതിയോടെയാണ് ഇവിടെ താമസിക്കുന്നത്.
പാലത്തിലൂടെ പോകുന്ന കൂറ്റന്‍ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ തകര്‍ന്നാല്‍ ചേര്‍ന്നുള്ള രണ്ട് വീടുകളും തകരും. മാള പഞ്ചായത്ത് എട്ട്, 17 വാര്‍ഡുകളുടെ അതിര്‍ത്തിയിലാണ് പാലം.
Next Story

RELATED STORIES

Share it