ernakulam local

കോട്ട തകര്‍ക്കാന്‍ എല്‍ഡിഎഫ്; ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും സജീവം

പെരുമ്പാവൂര്‍: കോണ്‍ഗ്രസ്സിന്റെ കോട്ട തകര്‍ക്കാന്‍ കച്ചകെട്ടി എല്‍ഡിഎഫ് രംഗത്ത്. ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും പ്രചാരണരംഗത്ത് ശക്തമാക്കി.
പെരുമ്പാവൂര്‍ നഗരസഭ ഏറ്റവും കൂടുതല്‍ തവണ യുഡിഎഫ് ഭരിച്ചപ്പോള്‍ എല്‍ഡിഎഫിന് മൂന്നില്‍ ഒരു ശതമാനം മാത്രമാണ് ഭരണം ലഭിച്ചത്. പെരുമ്പാവൂര്‍ നഗരസഭ 1952 വരെ ഒരു ഗ്രാമപ്പഞ്ചായത്തായി പ്രവര്‍ത്തിച്ചുവന്ന ശേഷം 1953 മാര്‍ച്ച് 21നാണ് നഗരസഭയായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതേവര്‍ഷം ഏപ്രില്‍ 29ന് ആദ്യ മുനിസിപ്പല്‍ കൗണ്‍സില്‍ നിലവില്‍ വന്നു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള സംവരണം ഉള്‍പ്പടെ 16 അംഗങ്ങളാണ് പ്രഥമ കൗണ്‍സിലില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 27 വാര്‍ഡുകള്‍ അടങ്ങിയ നഗരസഭയുടെ ഭരണം നിയന്ത്രിക്കുന്നത് യുഡിഎഫ് ആണ്. വാര്‍ഡ് വിഭജനത്തിന് ശേഷം 2005ലും 2010ലും തുടര്‍ച്ചായായി യുഡിഎഫാണ് ഭരണം കൈയടക്കിയിരുന്നത്.
എന്നാല്‍ ഇക്കുറി എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി എല്‍ഡിഎഫിനൊപ്പം ഇത്തവണ എത്തിയതാണ് എല്‍ഡിഎഫിന്റെ വിജയ പ്രതീക്ഷ. കഴിഞ്ഞ 10 വര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കുവേണ്ടി യുഡിഎഫിന് വീണ്ടും നഗരസഭ ചായുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. തുടക്കത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപസ്വരങ്ങള്‍ ഉണ്ടായെങ്കിലും പിന്നീടുള്ള പ്രവര്‍ത്തനത്തില്‍ അവയെല്ലാം മാറിയെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇവമുതലാക്കാനാണ് എല്‍ഡിഎഫിന്റെ തന്ത്രം. കഴിഞ്ഞ തവണ യുഡിഎഫിന് 18ഉം എല്‍ഡിഎഫിന് ഒമ്പതും ആയിരുന്നു കക്ഷിനില. നഗരസഭയില്‍ മൂന്ന് പ്രാവശ്യമാണ് എല്‍ഡിഎഫിന് അധികാരത്തില്‍ കയറാനായത്. ആറ് പ്രാവശ്യവും യുഡിഎഫാണ് ഭരണം കൈയാളിയത്. ഇത്തവണ വാര്‍ഡുകളില്‍ കടുത്ത മല്‍സരം നടക്കുന്നുണ്ടെങ്കിലും ആറ് വാര്‍ഡുകളിലാണ് ഇരുമുന്നണികള്‍ക്കും വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വികസന നേട്ടങ്ങള്‍ എടുത്തുകാണിച്ചാണ് യുഡിഎഫിന്റെ വോട്ട് അഭ്യര്‍ഥന. എന്നാല്‍ 2000 ത്തില്‍ തങ്ങള്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമാണ് കഴിഞ്ഞ ഭരണസമിതി നടത്തിയതെന്ന് അവകാശവാദവുമായാണ് എല്‍ഡിഎഫ് പ്രചാരണ രംഗത്തുള്ളത്.
വനിതാ സംവരണമായ പെരുമ്പാവൂരില്‍ ഇരുമുന്നണികളും ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഒന്നിലധികം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികളെയാണ് മുന്നണികള്‍ മല്‍സരരംഗത്ത് ഇറക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it