malappuram local

കോട്ട കാക്കാന്‍ യുഡിഎഫ്; പതിനെട്ടടവും പയറ്റി എല്‍ഡിഎഫ്‌

മുസ്തഫ പള്ളിക്കല്‍പള്ളിക്കല്‍: കാലിക്കറ്റ് സര്‍വകലാശാലയും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും ഉള്‍ക്കൊള്ളുന്ന വള്ളിക്കുന്ന് മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് ശക്തമായി രംഗത്തുവന്നിട്ടു മാസങ്ങള്‍ പിന്നിട്ടു. ഇവിടെ പൊതുസമ്മതനെ നിര്‍ത്തി സീറ്റ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് പതിനെട്ടടവും പയറ്റുന്നുണ്ട്.മുസ്്‌ലിംലീഗ് മുന്‍ വള്ളിക്കുന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി സി പി ശബീറലി, മുന്‍ തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് മെംബര്‍ പി എം മുഹമ്മദലി ബാബു എന്നിവരെ രംഗത്തിറക്കി യുഡിഎഫ് കോട്ടയില്‍ വിള്ളല്‍വീഴ്ത്തി മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുസ്്‌ലിംലീഗ് ഈ നീക്കം മുന്‍കൂട്ടി കണ്ട് ഇവരെ ലീഗില്‍ തിരിച്ചെടുത്തത് എല്‍ഡിഎഫിന് തിരിച്ചടിയായി.സി പി ശബീറലിയോ പി എം മുഹമ്മദലി ബാബുവോ എല്‍ഡിഎഫ് ബാനറില്‍ ജനവിധി തേടിയാല്‍ വള്ളിക്കുന്നില്‍ കനത്ത പോരാട്ടത്തിനു സാക്ഷ്യം വഹിക്കുമായിരുന്നു.2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഡ്വ. കെ എന്‍ എ ഖാദറിനു എല്‍ഡിഎഫ് സ്വതന്ത്രന്‍ പി ശങ്കരനാരായണനെക്കാള്‍ 18200 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയമാണ് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഉണ്ടായത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ ആറു പഞ്ചായത്തുകളില്‍ പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ കക്ഷിനില യുഡിഎഫിന് പന്ത്രണ്ടും എല്‍ഡിഎഫിന് പത്തുമാണുള്ളത്.വള്ളിക്കുന്നില്‍ യുഡിഎഫ് 11ഉം എല്‍ഡിഎഫ് 10ഉം ബിജെപി രണ്ടും എന്നിങ്ങനെയാണ് കക്ഷിനില. വള്ളിക്കുന്ന് മണ്ഡലത്തില്‍ യുഡിഎഫിന് ഏക ആശ്വാസം മണിയൂര്‍ ഗ്രാമപ്പഞ്ചായത്താണ്. ഇവിടെ യുഡിഎഫിന് 18ഉം എല്‍ഡിഎഫിന് അഞ്ചും ആണ് കക്ഷിനില. തേഞ്ഞിപ്പലത്ത് എല്‍ഡിഎഫ് എട്ടും യുഡിഎഫ് ഒമ്പതുമാണ് കക്ഷിനില. പെരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴു സീറ്റും യുഡിഎഫിന് 12 സീറ്റുമാണുള്ളത്. ഇത്തവണ ജനവിരുദ്ധ മുന്നണിക്ക് ജനപക്ഷ ബദലായി എസ്ഡിപിഐയ്ക്കു വേണ്ടി രംഗത്തിറങ്ങുന്നത് പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകനുമായ ഹനീഫ ഹാജിയാണ്. ഇദ്ദേഹത്തിന്റെ രംഗപ്രവേശനം വോട്ടര്‍മാരില്‍ വലിയ ആവേശം ഉളവാക്കിയിട്ടുണ്ട്. ഇദ്ദേഹം ആദ്യമായാണ് മല്‍സരരംഗത്തേക്ക് പ്രവേശിക്കുന്നത്.യുഡിഎഫിനു വേണ്ടി മല്‍സരിക്കുന്നത് മുസ്്‌ലിംലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും പ്രമുഖ സഹകാരിയുമായ പി അബ്ദുല്‍ഹമീദാണ്. ഇദ്ദേഹം മുമ്പ് പെരിന്തല്‍മണ്ണയില്‍ നിയമസഭയിലേക്കു ജനവിധി തേടിയിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് ജനചന്ദ്രന്‍ ആവാനാണ് സാധ്യത. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വള്ളിക്കുന്നില്‍ ഇപ്പോഴും ധാരണയായിട്ടില്ല. ഇവിടെ ഐഎന്‍എല്ലിനു സീറ്റ് നല്‍കാനാണ് ധാരണ. സ്വാലിഹ് മേടത്തിലിന്റെയും അബുലൈസ് തേഞ്ഞിപ്പലത്തിന്റെയും പേരുകള്‍ ഇവിടെ പറയപ്പെടുന്നു.അബുലൈസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചിരുന്നു. പിഡിപിക്കു വേണ്ടി നിസാര്‍ മേത്തറാണ് ജനവിധി തേടുന്നത്.അഡ്വ. കെ എന്‍ എ ഖാദര്‍ കൊണ്ടുവന്ന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി വോട്ട്പിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുന്നണി ശിഥിലീകരണം മുതലെടുത്ത് തിരഞ്ഞെടുപ്പിനെ നേരിടാനാണ് മറ്റു മുന്നണികള്‍ ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it