malappuram local

കോട്ടൂര്‍ സ്‌കൂളിലെ ബാലശാസ്ത്രജ്ഞര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സ്‌പെയര്‍ അവാര്‍ഡ്

കോട്ടക്കല്‍: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സ്‌പെയര്‍ അവാര്‍ഡ് കോട്ടൂര്‍ എകെഎം ഹയര്‍സെക്കഡറി സ്‌കൂളിന്. പ്ലാസ്റ്റിക് അടങ്ങിയ സാനിറ്റി പാഡുകള്‍ക്ക് ബദലായി ചകിരിയും ചണവും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകള്‍ ഉണ്ടാക്കാമെന്നാണ് കുട്ടികള്‍ തെളിയിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ഹെന്നാ സുമി, ഹെന്ന, മീനാക്ഷി, ശ്രീജേഷ്, നുഹൈല്‍ എന്നിവരും ബയോളജി അധ്യാപകനായ ശരത്തും ചേര്‍ന്ന് നടത്തിയ പഠനമാണ് ദേശീയതലത്തില്‍ ശ്രദ്ധനേടിയത്. സെക്കന്തരാബാദില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും അഹമ്മദാബാദില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ നിന്നുമാണ് വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള എഴുനൂറോളം പ്രോജക്ടില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍ച്ചില്‍ മണിപ്പൂരില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പ്രൊജക്ട് അവതരിപ്പിക്കും. കേരളത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് 95 ശതമാനവും പ്ലാസ്റ്റിക് അടങ്ങിയ സാനിറ്ററി പാഡുകളാണ്. ഉപയോഗശേഷം അത് കത്തിക്കുകയോ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യാറാണ് പതിവ്. ഇത് പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കും. ഇതൊഴിവാക്കാന്‍ ഈ ഗ്രീന്‍ പാഡുകള്‍ക്കാവുമെന്നാണ് കോട്ടൂരിലെ ബാലശാസ്ത്രജ്ഞര്‍ തെളിയിച്ചത്. ഉപയോഗിച്ചശേഷം കംപോസ്റ്റിങ്ങിലൂടെ വളമാക്കി മാറ്റാനും സാധിക്കും. കേരളാ സയന്‍സ് കോണ്‍ഗ്രസ്സില്‍ മികച്ച ടീച്ചര്‍ ഗൈഡിനുള്ള പുരസ്‌കാരവും അധ്യാപകന്‍ ശരത്തിന് ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it