കോട്ടയത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചു

കോട്ടയം: ഇത്തവണ കാലവ ര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കെടുതികള്‍ നേരിടുന്ന കോട്ടയം ജില്ലയില്‍ അല്‍പ്പം ശമിച്ചെന്ന് കരുതിയ മഴ വീണ്ടും ശക്തിപ്രാപിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം നിര്‍ത്താതെ പെയ്ത മഴ വീണ്ടും കെടുതികളുണ്ടാക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. മഴ രണ്ടുദിവസമെങ്കിലും മാറിനിന്നെങ്കില്‍ മാത്രമേ ഈ ഭാഗങ്ങളിലെ ജലനിരപ്പ് താഴുകയുള്ളൂ. മഴക്കെടുതിയെത്തുടര്‍ന്ന്  കോട്ടയത്ത് 161 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിട്ടുള്ളത്. ഇവിടങ്ങളിലായി ആകെ 28,135 പേരാണ് കഴിയുന്നത്.
ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലേയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തുകളിലേയും പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ഇന്നത്തെ അവധിക്ക് പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കും.
Next Story

RELATED STORIES

Share it