Kottayam Local

കോട്ടയത്ത് ഗുണ്ടാ സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍

കോട്ടയം: സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിനുള്ളില്‍ അഴിഞ്ഞാടി തിയേറ്ററും പരിസരവും കേന്ദ്രീകരിച്ച് തമ്പടിക്കുന്ന ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ അറസ്റ്റില്‍. വൈക്കം ടിവി പുരം സ്വദേശികളായ അരക്കത്തില്‍പറമ്പില്‍ ഹരികൃഷ്ണന്‍ (18), ഇട്ടിയാനിചിറയില്‍ അരുണ്‍ (21), ഇട്ടിയാനിയില്‍ സന്ദീപ് (18) എന്നിവരെയാണു പോലിസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റു പ്രതികളായ ടിവി പുരം, കുമാരനല്ലൂര്‍ സ്വദേശികളായ യുവാക്കള്‍ക്കു വേണ്ടി പോലിസ് അന്വേഷണം ആരംഭിച്ചു. തിയേറ്റര്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നവരുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടെന്നാണു പോലിസിനു ലഭിച്ച വിവരം.
നഗരത്തില്‍ നേരത്തെ ബ്ലേഡ് ഇടപാടു നടത്തിയിരുന്ന ഒരാളുടെ നേതൃത്വത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും പോലിസിനു വിവരം ലഭിച്ചു. സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിനുള്ളില്‍ മദ്യപിക്കുകയും പുക വലിക്കുകയും ചെയ്ത സംഘമാണു പിടിയിലായത്. വിദ്യാര്‍ഥികളായ സംഘം ഉച്ചയോടെ കോട്ടയത്തു തമ്പടിച്ചിരുന്നു. തുടര്‍ന്നു മദ്യപിച്ച സംഘം മദ്യം വെള്ളവും കലര്‍ത്തി കുപ്പിയിലാക്കിയാണ് ഫസ്റ്റ് ഷോയ്ക്കു കയറിയത്. സിനിമയ്ക്കിടെ സംഘം മദ്യപിക്കുകയും തുടര്‍ന്നു പുകവലിയ്ക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്തതോടെ യുവാക്കള്‍ അസഭ്യ വര്‍ഷം തുടങ്ങി. വിവരമറിഞ്ഞെത്തിയ തിയേറ്റര്‍ ജീവനക്കാരെ സംഘം മര്‍ദ്ദിച്ചു. ഇരുമ്പു കമ്പി കൊണ്ടുണ്ടാക്കിയ പ്രത്യേക ആയുധം ഉപയോഗിച്ചാണു സംഘം മര്‍ദ്ദിച്ചത്.
ഈ ആയുധം ഉപയോഗിച്ച് ഇവര്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കു കുത്തിയിരുന്നു. തുടര്‍ന്ന് തിയേറ്ററില്‍ നിന്ന് ഇറങ്ങിയ സംഘം ഈരയില്‍ക്കടവിലേക്കു പോവുകയും സുഹൃത്തുക്കളെ ചിലരെ വിളിച്ചുകൂട്ടുകയും ചെയ്തു. തിയേറ്ററിനുള്ളില്‍ തങ്ങളെ ചോദ്യം ചെയ്തവരെ വീണ്ടും അക്രമിക്കാന്‍ സംഘം തയ്യാറാവുന്നതിനിടെ പോലിസെത്തി ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
Next Story

RELATED STORIES

Share it