Flash News

കോട്ടയത്ത് കേരള കോണ്‍ഗ്രസ് സിപിഎമ്മുമായി കൈകോര്‍ക്കുന്നു

കോട്ടയത്ത് കേരള കോണ്‍ഗ്രസ് സിപിഎമ്മുമായി കൈകോര്‍ക്കുന്നു
X


കോട്ടയം:കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് അടുക്കുന്നുവെന്ന വാര്‍ത്തകള്‍ ശക്തമാക്കി കെഎം മാണിയുടെ പുതിയ തീരുമാനം. ഇന്ന് നടക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പിന്തുണ സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചു. ഇതോടെ, കേരള കോണ്‍ഗ്രസ് പ്രതിനിധി എല്‍ഡിഎഫിന്റെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്താന്‍ സാധ്യത തെളിഞ്ഞു. കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലിലാണ് ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അടിയന്തര യോഗം ചേര്‍ന്ന് മാണിയെ പിന്തുണക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് ചേക്കേറുന്നതിനുള്ള ആദ്യപടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പുതിയ നീക്കത്തെ കാണുന്നത്.
ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറ് അംഗങ്ങളുമാണ് ഉള്ളത്. ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫില്‍ ആറ് പേരും സിപിഎം പ്രതിനിധികളാണ്. തിരഞ്ഞെടുപ്പില്‍ നിന്ന് പിസി ജോര്‍ജിന്റെ കേരള ജനപക്ഷവും സിപിഐയുടെ ഏക പ്രതിനിധിയും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
അതേസമയം, മാണിയുടെ തീരുമാനം കടുത്ത വിശ്വാസ വഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it