Kottayam Local

കോട്ടയത്ത് കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

കോട്ടയം: കവര്‍ച്ചയ്ക്കായി മാരകായുധങ്ങളുമായി എത്തിയ നാലംഗ സംഘം കഞ്ചാവുമായി പോലിസ് പിടിയില്‍. കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നീക്കത്തിലാണ് വന്‍ കവര്‍ച്ചയ്ക്കായി എത്തിയ നാലംഗസംഘമാണ് പോലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 12ഓടെ ഏറ്റുമാനൂരില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഉടനീളം കവര്‍ച്ച നടത്തിവന്ന കാസര്‍കോഡ് സ്വദേശികളായ ചെറുവത്തൂര്‍ കൊപ്രാപറമ്പില്‍ ശിഹാബുദ്ദീന്‍ (28), ചെറുവത്തൂര്‍ കണ്ടത്തില്‍ വീട് സുള്‍ഫിക്കര്‍ (19), കുന്നുമേല്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍ (24), കേളയത്ത് വീട്ടില്‍ റംഷാദ് (27) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരേ കാഞ്ഞങ്ങാട്, വളപട്ടണം, സുല്‍ത്താന്‍ ബത്തേരി, ബേക്കല്‍, അഴീക്കോട്, നീലേശ്വരം പോലിസ് സ്റ്റേഷനുകളില്‍ വാഹന മോഷണം, വധശ്രമം, ബാറ്ററി മോഷണം എന്നിങ്ങനെയുള്ള നിരവധി കേസുകള്‍ ഉണ്ട്. പോലിസ് പിടിയിലാവുമ്പോള്‍ 100 ഗ്രാം കഞ്ചാവും പ്രതികളുടെ കൈവശമുണ്ടായിരുന്നു.
സുള്‍ഫിക്കര്‍ കാസര്‍കോഡ് ഒരു കട കുത്തിത്തുറന്ന് 35000 രൂപ മോഷ്ടിക്കുന്ന വീഡിയോ ദൃശ്യം ലഭിച്ചിരുന്നു. ഇയാളെ കാസര്‍കോഡ് പോലിസ് തിരയുന്നതിനിടെയാണ് കോട്ടയത്ത് പിടിയിലായത്.
സംഘത്തിന്റെ കൈയില്‍ നിന്ന് ലഹരി വസ്തുക്കളും മാരകായുധങ്ങളും പിടിച്ചെടുത്തു. പ്രതികള്‍ ഉപയോഗിച്ച വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂര്‍ സിഐ സുരേഷ് കുമാര്‍, എ എസ്‌ഐ മാരായ ശ്രീകുമാര്‍, പ്രകാശന്‍ ഷാഡോ പോലിസ് അംഗങ്ങളായ ഷിബുക്കുട്ടന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സജികമാര്‍, ബിജുമോന്‍ നായര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശശികുമാര്‍, പ്രീതിജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it