കോട്ടയത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപ്പിടിച്ചു

കോട്ടയം: കോട്ടയം റെയില്‍പ്പാതയില്‍ ഇന്ധന ടാങ്കര്‍ ട്രെയിനിനു തീപ്പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. പെട്ടെന്നു തന്നെ ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ്് എത്തി തീ അണച്ചതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കോട്ടയം മുട്ടമ്പലം റെയില്‍വേ ഗേറ്റിന് സമീപമാണ് തിരുവനന്തപുരത്തേക്ക് ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ട്രെയിനിന് തീപ്പിടിച്ചത്.
ടാങ്കറില്‍ നിന്ന് തുളുമ്പിയ ഇന്ധനത്തിന് തീപ്പിടിക്കുകയായിരുന്നു. വൈദ്യുതിലൈനില്‍ നിന്ന് ചിതറിവീണ തീപ്പൊരിയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പെട്രോളും ഡീസലും മണ്ണെണ്ണയും നാഫ്തയും വഹിച്ചുവന്ന ട്രെയിന്‍ മുട്ടമ്പലത്തു നിര്‍ത്തിയിട്ടാണ് തീയണച്ചത്. അതേസമയം, ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ സ്‌റ്റേഷന്‍ മാസ്റ്ററുടെയും ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസിന്റെയും അനുമതിയില്ലാതെ ട്രെയിന്‍ വിട്ടു. ഇത് ഗുരുതരമായ വീഴ്ചയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫയര്‍ഫോഴ്‌സ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെ ട്രെയിന്‍ മുന്നോട്ടുനീങ്ങുകയായിരുന്നു. പരിശോധന നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നീട് ചിങ്ങവനം സ്‌റ്റേഷനിലും ചങ്ങനാശ്ശേരി സ്റ്റേഷനിലും ട്രെയിന്‍ പിടിച്ചിട്ടു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും റെയില്‍വേയുടെയും പരിശോധനകള്‍ക്കുശേഷമാണ് ട്രെയിന്‍ യാത്ര തുടരാന്‍ അനുവദിച്ചത്.
അതേസമയം, പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ പോയ ട്രെയിനില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം റെയില്‍വേ—ക്കായിരിക്കുമെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. കോട്ടയം സ്‌റ്റേഷനിലെത്തിയ ഗുഡ്‌സ് ട്രെയിന്‍ ഇവിടെ നിന്നു പുറപ്പെട്ട് രണ്ടാം നമ്പര്‍ തുരങ്കം കടന്നപ്പോഴാണ് പിന്നിലെ ബോഗിയില്‍ നിന്നു തീ ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് എന്‍ജിന്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങി. നാട്ടുകാരാണ് ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസിനെ വിവരമറിയിച്ചത്. തീപ്പിടിത്തമുണ്ടായ ട്രെയിനിലെ ആറു ടാങ്കറുകളില്‍ ഇന്ധനച്ചോര്‍ച്ച കണ്ടെത്തി. പല ടാങ്കറുകളും നിറഞ്ഞൊഴുകുന്ന സ്ഥിതിയിലായിരുന്നതായും വിവരമുണ്ട്. ഇരുമ്പനം ഐഒസി പ്ലാന്റില്‍നിന്നാണ് ടാങ്കറുകളില്‍ എണ്ണ നിറച്ചത്. ഒറ്റവരിപ്പാതയിലെ ഗതാഗതതടസ്സത്തെ തുടര്‍ന്ന് ചില ട്രെയിനുകള്‍ വൈകി.
Next Story

RELATED STORIES

Share it