Kottayam Local

കോട്ടയത്തെ ജലസുരക്ഷാ ജില്ലയാക്കാന്‍ പദ്ധതി

കോട്ടയം: ജില്ലയില്‍ ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്നിടങ്ങളില്‍ സമ്പൂര്‍ണ ജല സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി ജില്ലാ ഭരണകൂടം നടപ്പാക്കുന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ഫലപ്രദമായി ശേഖരിച്ചും പ്രകൃത്യാലുള്ള ജല സ്രോതസ്സുകളായ തോടുകള്‍ കുളങ്ങള്‍ ചിറകള്‍ തുടങ്ങിയവയുടെ അവസ്ഥ മെച്ചപ്പെടുത്തി ജനങ്ങളുടെ ഉത്തരവാദിത്വത്തില്‍ സംരക്ഷിച്ചും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതി രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുന്നതിനു വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലയിലെ ജലസ്രോതസ്സുകളിലെ ജലം ശുദ്ധമായി സൂക്ഷിക്കേണ്ടതിന്റേയും ശുദ്ധമായജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തെ കുറിച്ചും വ്യാപകമായ ബോധവല്‍ക്കരണം നടത്തും.
നാഷനല്‍ സര്‍വീസ് സ്‌കീം യൂനിറ്റ് എന്‍സിസി സ്‌കൗട്ട് അംഗങ്ങളായ വിദ്യാര്‍ഥികള്‍, ദേശീയസമ്പാദ്യ പദ്ധതി ഏജന്റുമാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതസേനാംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ജലവിനിയോഗവും ജല സംരക്ഷവും സംബന്ധിച്ച് പുതിയൊരു കാഴ്ചപ്പാട് പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയാണ് പ്രാഥമിക നടപടി. വരള്‍ച്ച ഏറ്റവും രൂക്ഷമായപ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഏറ്റവും കുറഞ്ഞ വീടുകളിലും ജില്ലയിലെ പൊതുസ്ഥാപനങ്ങളിലും മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്നതിനു സഹായം നല്‍കും.
കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ലാബുകളില്‍ ഒരുക്കും. എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍, സിസിഡിയു ഡയറക്ടര്‍ ഡോ. വി സുഭാഷ് ചന്ദ്രബോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it