Kottayam Local

കോട്ടയം സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവ് ജില്ലയാവുന്നു

കോട്ടയം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഭൂനികുതി സംവിധാനം ഏര്‍പ്പെടുത്തുന്നതോടൊപ്പം കോട്ടയം സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവ് ജില്ലയായി 27ന് മാറും.
ജില്ലയിലെ അഞ്ചു താലൂക്കുകളിലെ 100 വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കലക്ടര്‍ യു വി ജോസ് പറഞ്ഞു. റീസര്‍വേ പൂര്‍ത്തീകരിച്ച 85 വില്ലേജുകളിലും പൂര്‍ത്തിയാക്കാനുള്ള 15 വില്ലേജുകളിലും ഓണ്‍ലൈന്‍ സംവിധാനം തയ്യാറായി കഴിഞ്ഞു.
എല്ലാ വില്ലേജുകളിലും ഈ സൗകര്യം ലഭ്യമായതിനാല്‍ സബ് രജിസ്റ്റാര്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രമാണങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ തന്നെ വില്ലേജ് ഓഫിസുകളില്‍ ലഭ്യമാവും. വില്ലേജ് ഓഫിസില്‍ പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ പോക്കുവരവ് ചെയ്തു നല്‍കുന്ന സംവിധാനം ആദ്യമായാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതോടെ ആദ്യനികുതിയോടൊപ്പം പോക്കുവരവ് ഫീ അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പോക്കുവരവ് കൂടാതെ ഭൂനികുതി അടയ്ക്കല്‍, റവന്യു വകുപ്പിലെ വിവിധ സര്‍ട്ടിഫിക്കറ്റുകളും നികുതികളും മറ്റ് ഫീസുകളും ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയും. 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് കലക്ടറേറ്റ് അങ്കണത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം നിര്‍വഹിക്കും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കെ എം മാണി എംഎല്‍എ വിശിഷ്ടാതിഥി ആയിരിക്കും. എംപിമാരായ ജോസ് കെ മാണി, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ജോയി എബ്രാഹം, എംഎല്‍എമാരായ സി എഫ് തോമസ്, അഡ്വ. മോന്‍സ് ജോസഫ്, ഡോ. എന്‍ ജയരാജ്, കെ അജിത് പങ്കെടുക്കും.
Next Story

RELATED STORIES

Share it