Kottayam Local

കോട്ടയം മെഡിക്കല്‍ കോളജില്‍ സമരം തുടരുമെന്ന് ഒരു വിഭാഗം

ആര്‍പ്പുക്കര: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന പണിമുടക്ക് സമരത്തില്‍ അഭിപ്രായ ഭിന്നത. സമരം പിന്‍വലിച്ച് സര്‍ക്കാരുമായി സഹകരിക്കണമെന്ന് അഭിപ്രായപ്പെട്ട നേതൃത്വത്തെ മാറ്റി പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ പണിമുടക്കുമായി മുന്നോട്ടു പോവണമെന്നാണു സമരരംഗത്തുള്ള ഒരു വിഭാഗം ഡോക്ടര്‍മാരുടെ അഭിപ്രായം. അതിനാല്‍ ഇന്നലെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല നിരാഹാര സമരം എന്നതു കോട്ടയം മെഡിക്കല്‍ കോളജില്‍ അനിശ്ചിതകാല സമരമായി മുന്നോട്ടു കൊണ്ടുപോവണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി ജൂനിയര്‍ ഡോക്ടര്‍മാരുടെ സമര സംഘടനയായ കേരളാ മെഡിക്കല്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ലെന്നും സൂപ്പര്‍ സ്‌പെഷാലിറ്റി, പിജി വിഭാഗം എന്നിവരുടെ ബോണ്ട് സമ്പ്രദായം എടുത്തുകളയുമെന്നും ചര്‍ച്ചയില്‍ മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബോണ്ട് സമ്പ്രദായത്തെപ്പറ്റി പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും റിപോര്‍ട്ട് കിട്ടിയ ശേഷം തീരുമാനം എടുക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. ഇത് ജൂനിയര്‍ ഡോക്ടര്‍മാരുടെ ഇടയില്‍ അഭിപ്രായ ഭിന്നതയ്ക്കു കാരണമായി. പ്രധാന ആവശ്യമായ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരേ സമരം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതില്‍ വിയോജിപ്പുള്ളവരാണ് ഏറെപ്പേരും. അതിനാല്‍ അനിശ്ചിതകാല സമരം തുടരാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. ആവശ്യമെങ്കില്‍ അത്യാഹിത വിഭാഗം, ലേബര്‍ റൂം, തീവ്ര പരിചരണ വിഭാഗം എന്നിവരെ കൂടി സമരത്തില്‍ ഉള്‍പ്പെടുത്താനും കോട്ടയം മെഡിക്കല്‍ കോളജ് കെഎംജെഎസിയുടെ തീരുമാനം.
Next Story

RELATED STORIES

Share it