Flash News

കോട്ടയം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ ചികില്‍സ : അത്യാധുനിക ചികില്‍സാ സംവിധാനത്തിന് അനുമതി - മന്ത്രി



തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികില്‍സയ്ക്കായി അത്യാധുനിക റേഡിയേഷന്‍ ചികില്‍സാ ഉപകരണമായ ലീനിയര്‍ ആക്‌സിലറേറ്റര്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ആധുനിക റേഡിയേഷന്‍ ചികില്‍സാ ഉപകരണമായ ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കുന്നതിനു കെട്ടിടം ഉള്‍പ്പെടെ 11.80 കോടി രൂപയാണു ചെലവുവരിക.ആശുപത്രിയുടെ നിലവാരം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ചുകൂട്ടയെ ന്നും മന്ത്രി പറഞ്ഞു. 2013ല്‍ ലീനിയര്‍ ആക്‌സിലറേറ്റര്‍ വാങ്ങുന്നതിനായി ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ അംഗീകരിക്കുകയും ഗ്ലോബല്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും ഇ-ടെന്‍ഡര്‍ നടപടികള്‍ വേണമെന്നതിന്റെ പേരില്‍ ഇതു നിരാകരിക്കപ്പെടുകയായിരുന്നു. ഇതിന്റെ ആവശ്യാര്‍ഥം എട്ടു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ബാക്കി വേണ്ടി വരുന്ന 3.80 കോടി രൂപ കണ്ടെത്തി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി ഉപകരണം വാങ്ങുന്നതിനു മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആശുപത്രിയെ രോഗീസൗഹൃദമാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒപി ട്രാന്‍സ്ഫര്‍മേഷന്‍ നടത്തുന്നതിലേക്ക് 8.93 കോടി രൂപ അനുവദിച്ചിരുന്നു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുക. നാഷനല്‍ ഹെല്‍ത്ത് മിഷനും എച്ച്എല്‍എല്ലും സംയുക്തമായാണു പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it