Kottayam Local

കോട്ടയം മെഡിക്കല്‍ കോളജ് പേ വാര്‍ഡ് കാന്റീനിലെ കടലക്കറിയില്‍ ചത്തപാറ്റ

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പേ വാര്‍ഡ് കെട്ടിടത്തില്‍ സ്വകാര്യ വ്യക്തി നടത്തുന്ന കാന്റീനില്‍ നിന്ന് വാങ്ങിയ കടലക്കറിയില്‍ ചത്ത പാറ്റയെ കണ്ടെത്തിയതായി പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ കാന്റീന്‍ താല്‍ക്കാലികമായി അടച്ചു. ചങ്ങനാശ്ശേരി സ്വദേശി സോണിയ ഡി ജോണ്‍ കുമാരനല്ലൂര്‍, പരിയത്തുകാല വിനോദ് എന്നിവരാണ് പരാതിക്കാര്‍. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. കഴിഞ്ഞ 16 ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രി പേ വാര്‍ഡില്‍ തൈറോയിഡിന് ചികില്‍സയില്‍ കഴിയുകയാണ് സോണിയ. വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന സഹോദരന്റെ കൂട്ടിരിപ്പുകാരനാണു വിനോദ്. സമീപത്തെ മുറിയില്‍ താമസിക്കുന്ന ഇവര്‍ രാവിലെ ഭക്ഷണം വാങ്ങിയത് ഒരുമിച്ചായിരുന്നു.
സോണിയ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴാണ് കടലക്കറിയില്‍ ചത്തപാറ്റ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വിനോദിനെ സോണിയ വിവരം അറിയിച്ചശേഷം ഇരുവരും ചേര്‍ന്ന് ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഹൗസ് കീപ്പിങ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഉല്ലാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി വി ഷിബു എന്നിവരെ അന്വേഷണത്തിനായി നിയമിച്ച് സൂപ്രണ്ട് ഡോ. ടിജിതോമസ് ജേക്കബ് ഉത്തരവിട്ടു.
ഇവരുടെ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനെ വിവരം അറിയിക്കുകയായിരുന്നു. ഏറ്റുമാനൂര്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ അലക്‌സ് കെ ഐസക്ക് സംഭവ സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാംപിള്‍ പരിശോധിച്ചശേഷം കാന്റീന്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വൈകീട്ട് മൂന്നോടെ ലേ സെക്രട്ടറി ഷാജി തോമസ്, ജൂനിയര്‍ സൂപ്രണ്ട് ഹരികുമാര്‍, വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ സംഘമെത്തിയാണ് കാന്റീന്‍ അടപ്പിച്ചത്.
2015 ഒക്ടോബറില്‍ കോട്ടയം മുനിസിപ്പല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ കാന്റീന്‍ അടപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it