Kottayam Local

കോട്ടയം മെഡിക്കല്‍ കോളജ്; നെഫ്രോളജി വിഭാഗത്തില്‍ എച്ച്എല്‍എ ആന്റ് ക്രോസ്മാച്ച് സംവിധാനമില്ല

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി നെഫ്രോളജി വിഭാഗത്തില്‍ എച്ച്എല്‍എ ആന്റ് ക്രോസ്മാച്ച് സംവിധാനമില്ലാതത്ത് രോഗികളെ വലയ്ക്കുന്നു. കിഡ്‌നി രോഗിക്ക് ആരുടെയെങ്കിലും കിഡ്‌നി ലഭിക്കുന്നതിന് അവസരമുണ്ടായാല്‍ കിഡ്‌നി ദാനം ചെയ്യുന്നയാളുടെ കിഡ്‌നി രോഗിയായ വ്യക്തിക്ക് ചേരുന്നതാണോ എന്ന് പരിശോധക്കുന്നതാണ് എച്ച്എല്‍എ ക്രോസ് മാച്ച്.
എന്നാല്‍ ആയിരക്കണക്കിനു രോഗികള്‍ ചികില്‍സയിലുള്ള മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗത്തില്‍ എച്ച്എല്‍എ ക്രോസ് മാച്ച് സംവിധാനമില്ലാത്തത് രോഗികളെ വലക്കുകയാണ്. നിലവില്‍ കിഡ്‌നി രോഗികള്‍ക്ക് ഈ പരിശോധന നടത്തുന്നത് എറണാകുളം അമൃത ആശുപത്രിയിലാണ്. എറണാകുളത്ത് പോയി പരിശോധനയ്ക്കു വിധേയമാവേണ്ടി വരുന്നത് രോഗികളെ വലയ്ക്കുകയും കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മസ്തിഷ്‌ക മരണം സംഭവിക്കുന്നയാളുടെ കിഡ്‌നി ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയാറായാല്‍ ഉടന്‍തന്നെ നെഫ്രോളജി വിഭാഗത്തിലെ മൃതസഞ്ജീവനിയില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏകദേശം പത്തോളം വരുന്ന കിഡ്‌നി രോഗികളെ ഡോക്ടര്‍മാര്‍ വിവരം അറിയിക്കും.10 രോഗികളും എറണാകുളത്തു പോയി എച്ച്എല്‍എ ക്രോസ് മാച്ച് പരിശോധനയ്ക്ക് വിധേയമാവണം. പരിശോധന ഫലം ലഭിക്കുമ്പോള്‍ ദാനമായി ലഭിച്ച കിഡ്‌നി 10 പേരില്‍ ചേരുന്നയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്.
മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ കിഡ്‌നി കിട്ടാന്‍ അവസരമുണ്ടായാല്‍ എട്ടു മണിക്കൂറിനുള്ളില്‍ അവയമാറ്റ ശസ്ത്രക്രിയ നടക്കണം. ഈ എട്ടുമണിക്കൂറിനുള്ളില്‍ കിഡ്‌നി രോഗി എറണാകുളത്തു പോയി എച്ച്എല്‍എ ക്രോസ്മാച്ച് പരിശോധനയ്ക്കു വിധേയമാവുകയും വൈകാതെ തന്നെ പരിശോധനാ ഫലം ലഭിക്കുകയും വേണം. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങി ജില്ലകളില്‍ നിന്നുള്ള രോഗികളാണ് കുടുതലായും മെഡിക്കല്‍ കോളജ് ആശുപത്രി നെഫ്രോളജി വിഭാഗത്തില്‍ ചികില്‍സയിലുള്ളത്.
മസ്തിഷ്‌ക മരണം ലഭിച്ചയാളുടെ കിഡ്‌നി ലഭിക്കുമെന്ന് ഡോക്ടര്‍ ഫോണില്‍ അറിയിക്കുന്ന മുറയ്ക്ക് ഇടുക്കിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും കിഡ്‌നി രോഗി ഉടന്‍തന്നെ മെഡിക്കല്‍ കോളജില്‍ എത്തി പരിശോധന വേണ്ടുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എറണാകുളം അമൃതയിലെത്തി എച്ച്എല്‍എ ആന്റ് ക്രോസ്മാച്ചിന് വിധേയമാവുന്നതിന് മണിക്കൂറുകള്‍ വേണ്ടിവരും.തിരികെ മെഡിക്കല്‍ കോളജിലെത്തി ശസ്ത്രക്രിയ വിധേയമാവുന്നതിനും സമയമെടുക്കും. ഇതു ശസ്ത്രക്രിയ വൈകാന്‍ കാരണമാവും. നെഫ്രോളജി വിഭാഗത്തിനു സ്വന്തമായി എച്ച്എല്‍എ സംവിധാനം ഉണ്ടെങ്കില്‍ രോഗികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സാധിക്കുകയും കിഡ്‌നി ദാനമായി ലഭിക്കുന്ന മുറയ്ക്ക് ഉടന്‍തന്നെ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ശസ്ത്രക്രിയ നടത്തുന്നതിനും സാധിക്കും.
നെഫ്രോളജി വിഭാഗത്തില്‍ എച്ച്എല്‍എ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ അടിയന്തര നടപടി വേണമെന്ന് രോഗികളും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it