കോട്ടയം മുന്‍ എസ്പിക്കെതിരേ വകുപ്പുതല അന്വേഷണം

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ നവവരന്‍ കെവിന്‍ പി ജോസഫിനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖ് തെറ്റിദ്ധരിപ്പിച്ചെന്ന് ഐജിയുടെ അന്വേഷണറിപോര്‍ട്ട്. മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
കെവിനെ തട്ടിക്കൊണ്ടുപോയതായി ഭാര്യ നീനു മെയ് 27ന് രാവിലെ ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നയുടന്‍ മുഖ്യമന്ത്രി എസ്പി മുഹമ്മദ് റഫീഖിനെ നേരിട്ട് കോട്ടയം ടിബിയിലേക്ക് വിളിച്ചുവരുത്തി. സംഭവം അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞത്. എന്നാല്‍, ഇതിനു ശേഷം വൈകുന്നേരത്തോടെയാണ് സംഭവം അന്വേഷിക്കാന്‍ ഡിവൈഎസ്പിയോട് എസ്പി നിര്‍ദേശിച്ചത്. കേസ് അന്വേഷിക്കേണ്ട ഗാന്ധിനഗര്‍ എസ്‌ഐ മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയിലാണെന്ന വാര്‍ത്തയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യം എസ്പിയോട് ചോദിച്ചപ്പോള്‍ ഗാന്ധിനഗര്‍ എസ്‌ഐയെ സുരക്ഷാ ചുമതലയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. ഇതനുസരിച്ചാണു തന്റെ സുരക്ഷാസംഘത്തില്‍ എസ്‌ഐ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട് എസ്പി തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നു മുഖ്യമന്ത്രിക്ക് മനസ്സിലായതോടെയാണു വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
കെവിനെ കാണാതായതിന്റെ അടുത്തദിവസം മൃതദേഹം കണ്ടെത്തിയപ്പോള്‍ എസ്പിയുടെ അനാസ്ഥ വ്യക്തമായതോടെയാണ് ഉടന്‍തന്നെ സ്ഥാനചലനമുണ്ടായത്. കേസില്‍ കാര്യക്ഷമമായ അന്വേഷണത്തിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഐജി വിജയ് സാഖറെയുടെ റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, കെവിനെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയെ താന്‍ തെറ്റിദ്ധരിപ്പിച്ചെന്ന റിപോര്‍ട്ട് ശരിയല്ലെന്ന് കോട്ടയം മുന്‍ എസ്പി വി എം മുഹമ്മദ് റഫീഖ്. കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം വൈകിയാണ് അറിഞ്ഞത്. സംഭവം അറിഞ്ഞ കീഴുദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അറിയിച്ചില്ല. ടിവിയില്‍ വാര്‍ത്ത കണ്ട് മുഖ്യമന്ത്രി, അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഉടനെ ഡിവൈഎസ്പിക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും മുഹമ്മദ് റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു. മെയ് 27ന് രാവിലെ മുതല്‍ കോട്ടയത്തെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലായിരുന്നു. അന്ന് വൈകീട്ട് നാലേകാലോടെ ഗാന്ധിനഗറിലെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി ഗസ്റ്റ്ഹൗസില്‍ വിശ്രമിക്കുന്നതിനിടെ അവിടെ സുരക്ഷാ ചുമതലയിലായിരുന്ന തന്നെ വിളിച്ച് കെവിനെ കാണാതായ സംഭവത്തെക്കുറിച്ച് ചോദിച്ചു. കേസെടുത്തില്ലെന്ന മാധ്യമവാര്‍ത്തകള്‍ കണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം ചോദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലായിരുന്നതിനാല്‍ ഇക്കാര്യം അറിഞ്ഞതേയുള്ളൂവെന്നും ഉടന്‍ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. അന്വേഷണ കാര്യത്തില്‍ എസ്പിയെന്ന നിലയില്‍ കാലതാമസമുണ്ടായെന്നതില്‍ വീഴ്ച സമ്മതിക്കുന്നു. എന്നാല്‍, അറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ വൈകിയെന്ന റിപോര്‍ട്ട് ശരിയല്ല. മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. സത്യസന്ധമായാണ് പ്രവര്‍ത്തിച്ചതെന്നും അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പറയാനിെല്ലന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it