Kottayam Local

കോട്ടയം മണ്ഡലത്തില്‍ കച്ചമുറുക്കി മുന്നണികള്‍

കോട്ടയം: മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും കഴിഞ്ഞ തവണ ചുരുങ്ങിയ വോട്ടിന് നഷ്ടപ്പെട്ട സീറ്റ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും പരമാവധി വോട്ടുപെട്ടിയിലാക്കാന്‍ ബിജെപിയും രംഗത്തെത്തിയതോടെ കോട്ടയത്ത് ഇത്തവണ വേനലിനെ വെല്ലുന്ന പോരാട്ടച്ചുടാണ്.
മണ്ഡലത്തെ ഒപ്പം നിര്‍ത്താന്‍ സിറ്റിങ് എംഎല്‍എയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് യുഡിഎഫ്. സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. റെജി സഖറിയ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എ ന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഎംഎസ് നേതാവായ അഡ്വ. എം എസ് കരുണാകരനും എസ്ഡിപിഐ-എസ്പി സംഖ്യ സ്ഥാനാര്‍ഥിയായി എസ്പിയിലെ റോയ് ചെമ്മനവും മല്‍സരരംഗത്തുണ്ട്.
എസ്‌യുസിഐ സ്ഥാനാര്‍ഥിയായി രജിത ജയറാമും മല്‍സരിക്കുന്നു. ഏറെക്കാലം മണ്ഡലത്തെ ഒരു പക്ഷത്ത് നിലനിര്‍ത്താന്‍ ഇവിടുത്തെ ജനങ്ങള്‍ തയ്യാറല്ല. അതിനാല്‍ തന്നെ മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും മാറി മാറി വിജയിച്ചു വരുന്നു.
1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ പി ഭാസ്‌കരന്‍ നായര്‍ കോണ്‍ഗ്രസ്സിലെ എം വി ഗോവിന്ദന്‍ നായരെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. പിന്നീട് നിരവധി തവണ ഇടതിനെയും വലതിനെയും മണ്ഡലം മാറി മാറി വിജയിപ്പിച്ചു. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് യുഡിഎഫിന്റെ പ്രതീക്ഷ. അഴിമതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാക്കി അട്ടിമറി വിജയം നേടമെന്ന് എല്‍ഡിഎഫും പ്രതീക്ഷയര്‍പ്പിക്കുന്നു.
ബിഡിജെഎസ് കൂടി വന്നതോടെ മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎ മുന്നണിയുടെ കണക്കുകൂട്ടല്‍. കോട്ടയം നഗരസഭ, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കോട്ടയം മണ്ഡലം. നഗരസഭയും വിജയപുരം പഞ്ചായത്തും യുഡിഎഫും പനച്ചിക്കാട് എല്‍ഡിഎഫുമാണ് ഭരിക്കുന്നത്.
78048 പുരുഷ വോട്ടര്‍മാരും 83042 സ്ത്രീകളും ഉള്‍പ്പെടെ 161090 വോട്ടര്‍മാരുണ്ട്. 2011ലെ യുഡിഎഫിന്റെ 711 വോട്ടിന്റെ ഭൂരിപക്ഷം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 16452 ഉയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 11345 വോട്ടിന്റെ ലീഡും യുഡിഎഫും നേടി.
തദ്ദേശ തിരഞ്ഞെടുപ്പിനും യുഡിഎഫിന് വോട്ടുകുറഞ്ഞതും സര്‍ക്കാറിന്റെ അഴിമതികളും പ്രചാരണ വിഷയമാക്കിയാല്‍ മുന്നേറ്റം നടത്താമെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ 24592 വോട്ടാണ് ബിജെപിയുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it