Kottayam Local

കോട്ടയം നഗരസഭാ യോഗത്തില്‍ ബഹളവും വാക്കേറ്റവും

കോട്ടയം: അജണ്ടയില്‍ മുഖ്യവിഷയം ഉള്‍പ്പെടുത്തിയില്ലെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ
കോട്ടയം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ പോര്‍വിളി. ഇതേതുടര്‍ന്ന് നഗരസഭാകൗണ്‍സില്‍യോഗം അജണ്ടപോലും ചര്‍ച്ചചെയ്യാതെ പിരിഞ്ഞു. ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന ഡയസിലെത്തിയപ്പോള്‍ മുതല്‍ അജണ്ടയില്‍ മുഖ്യവിഷയം ഉള്‍പ്പെടുത്തിയില്ലെന്നാരോപിച്ചു പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. പദ്ധതികള്‍ ഭൂരിഭാഗവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം ബഹളം തുടങ്ങിയത്. പ്രതിപക്ഷാംഗം അഡ്വ. ഷീജാ അനില്‍ തുടക്കത്തിലേ ആരോപണവുമായി രംഗത്തെത്തി.
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ഫണ്ട് അനുവദിക്കാത്തതിനു മറുപടി നല്‍കിയിട്ട് മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന നിലപാടിലായിരുന്നു അവര്‍. ഇതു ഭരണപക്ഷത്തെ ചൊടിപ്പിച്ചു. പദ്ധതികള്‍ യുഡിഎഫ് വാര്‍ഡുകളിലേക്കു മാറ്റുന്ന നിലപാട് അനുവദിക്കാന്‍ കഴിയില്ലെന്ന് വി എന്‍ സരസമ്മാള്‍ പറഞ്ഞു. അഡ്വ. ഷീജ അനില്‍, വി എന്‍ സരസമ്മാള്‍, വി വി ഷൈല എന്നിവര്‍ ഇക്കാര്യം ഉന്നയിച്ച് യോഗ നടപടികളുടെ ആരംഭത്തില്‍ തന്നെ പ്രതിഷേധിച്ചു.
പ്രതിഷേധം വക വയ്ക്കാതെ കൗണ്‍സില്‍ നടപടികള്‍ ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും മുള്ളന്‍കുഴിയിലെ ഫഌറ്റിന് അടിസ്ഥാനസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കൗണ്‍സിലര്‍ ജോബി ജോണ്‍സണ്‍ ഉന്നയിച്ചു. നിരവധിതവണ ആവശ്യപ്പെട്ടിട്ടും പ്രശ്‌ന പഠിക്കാതിരുന്ന ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍ അറിയാതെ സന്ദര്‍ശനം നടത്തിയ കാര്യവും യോഗത്തില്‍ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ചേരിതിരിഞ്ഞ് കൊമ്പുകോര്‍ത്തു. ബഹളത്തിനിടയില്‍ ഷീജ അനില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി പറയാനുള്ള വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പള്ളിക്കുന്നേലിന്റെ ശ്രമം പ്രതിപക്ഷ ബഹളം തടഞ്ഞു.
ചെയര്‍പേഴ്‌സണ്‍ വിഷയത്തിലേക്കു കടക്കാതെ അജണ്ടവായിച്ചതോടെയാണു പ്രശ്‌നത്തിനു തുടക്കമിട്ടത്. പ്രതിപക്ഷനിരയിലുണ്ടായിരുന്നവര്‍ അജണ്ട വായിക്കുന്നത് തടസ്സപ്പെടുത്തി മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതു ചോദ്യം ചെയ്ത ഭരണപക്ഷത്തെ അംഗങ്ങളും ചെയര്‍പേഴ്‌സന്റെ ഡയസിലേക്ക് എത്തിയത് നേരിയ സംഘര്‍ഷത്തിനു വഴിവച്ചു. പിടിവലിക്കിടെ ചെയര്‍പേഴ്‌സന്റെ ഡയസിലിരുന്ന ഗ്ലാസ് നിലത്തുവീണ് പൊട്ടി. ഇതിനിടെ അജണ്ട അംഗീകരിച്ചെന്നു വ്യക്തമാക്കി പുറത്തുകടക്കാന്‍ ചെയര്‍പേഴ്‌സണ്‍ ശ്രമിച്ചെങ്കിലും ഹാളിന്റെ കതകിനു കുറ്റിയിട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. നഗരസഭാ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന അജണ്ടയില്‍ വിയോജനക്കുറിപ്പ് സെക്രട്ടറിക്ക് കൈമാറിയാണ് പ്രതിപക്ഷാംഗങ്ങള്‍ പിരിഞ്ഞുപോയത്.
Next Story

RELATED STORIES

Share it