Kottayam Local

കോട്ടയം നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തില്‍ കെടുകാര്യസ്ഥതയെന്ന് പരാതി



കോട്ടയം: നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തില്‍ കെടുകാര്യസ്ഥത വര്‍ധിക്കുന്നെന്നു പരാതി. നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് എന്‍ജിനീയറിങ് വിഭാഗത്തിനെതിരേ ഭരണ-പ്രതിപക്ഷം ഒന്നടങ്കം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഈ മാസം 30നകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നിരിക്കെ 90 സ്പില്‍ ഓവര്‍ പദ്ധതികളും ബാക്കിയാണ്. കൃത്യമായ മേല്‍നോട്ടം നടത്താനോ കരാറുകാരുടെ യോഗം വിളിക്കാനോ എന്‍ജിനീയറിങ് വിഭാഗം തയ്യാറാവുന്നില്ല. കോണ്‍ക്രീറ്റിങ് ജോലികള്‍ കുറച്ചെങ്കിലും ചെയ്യാമെന്നിരിക്കെ മഴ കനക്കുന്ന സാഹചര്യത്തില്‍ ടാറിങ് ജോലികള്‍ പ്രായോഗികമല്ലെന്നാണ് നഗരസഭയുടെയും വാദം. എന്നാല്‍ മഴ ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ആയത്. വേനല്‍ കടുത്ത സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമായിരുന്നു എന്നിരിക്കെ അവസാനഘട്ടത്തിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ചതിനെയും അംഗങ്ങള്‍ ചോദ്യം ചെയ്തു.നഗരസഭ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു കൃത്യമായ മേല്‍നോട്ടം നല്‍കാന്‍ എന്‍ജിനീയറിങ് വിഭാഗം തയ്യാറാകുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം.കൃത്യമായ സമയത്ത് എസ്റ്റിമേറ്റ് തയ്യാറാക്കുന്നില്ലെന്ന് മാത്രമല്ല, കരാറുകാര്‍ പണിയുന്ന സ്ഥലങ്ങളില്‍ പോവാനോ ജോലികള്‍ വിലയിരുത്താനോ ഇവര്‍ തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെ കരാറുകാരുടെ തോന്നുംപടിയാണു നിര്‍മാണം. നിര്‍മാണം നടത്തി ആഴ്ചകള്‍ക്കകം റോഡുകള്‍ പൊട്ടിപ്പൊളിയുകയാണ്. ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തു പണം വകയിരുത്തിയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്നിരിക്കെ ഇവയ്ക്കായി വരുന്ന അഞ്ചു വര്‍ഷത്തിനിടയ്ക്കു പുനരുദ്ധാരണ പ്രവര്‍ത്തത്തിനു പണം അനുവദിക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ കരാറുകാരനെ വിളിച്ചുവരുത്തി റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ ആവശ്യം. നിലവാരം കുറഞ്ഞ വിധത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കരാറുകാര്‍ക്കു ബില്ലു മാറി പണം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ചില കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മനപ്പൂര്‍വം വൈകിക്കുന്നതായും കൗണ്‍സിലര്‍മാരോടു മോശമായ വിധത്തില്‍ പ്രതികരിക്കുന്നതായും ആരോപണമുയര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. അടിയന്തരമായി കരാറുകാരുടെ യോഗം വിളിക്കുമെന്നും വീണ്ടും നിര്‍മാണം വൈകിപ്പിക്കുന്ന കരാറുകാരുടെ ലിസ്റ്റ് കരിമ്പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശയോടെ കൗണ്‍സിലില്‍ നല്‍കാമെന്നും സെക്രട്ടറി ഉറപ്പു നല്‍കി.
Next Story

RELATED STORIES

Share it