kasaragod local

കോട്ടമല കോളനി ഉപേക്ഷിച്ച് തദ്ദേശവാസികള്‍

വെള്ളരിക്കുണ്ട്: കാല്‍നൂറ്റാണ്ട് മുമ്പ് 20 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്ന കോട്ടമല കോളനിയില്‍ ഇന്നുള്ളത് ഒരേയൊരു കുടുംബം മാത്രം. കുടിവെള്ളമോ വൈദ്യുതിയോ നല്ല റോഡോ ഇല്ലാത്തതിനാല്‍ ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെല്ലാം മറ്റു സ്ഥലങ്ങളിലേക്ക് മാറി. സര്‍ക്കാര്‍ ദലിതര്‍ക്ക് പതിച്ചുകൊടുത്ത കോളനി ഇന്ന് ആരും തിരിഞ്ഞുനോക്കാത്ത കാട്ടുമൂലപോലെയാണ്. ഇവിടെ താമസിക്കുന്ന ഐയങ്കി കുഞ്ഞിരാമനും ഭാര്യ മാധവിയും മറ്റു ഗത്യന്തരമില്ലാത്തതിനാലാണ് ഇവിടെ കഴിച്ചുകൂട്ടുന്നത്. ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വീട് വെക്കാന്‍ സ്ഥലത്തിനായി സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോഴാണ് നല്‍കിയ ഭൂമി ഉപേക്ഷിച്ച് വര്‍ഷങ്ങളായി കാടുകേറിയ അവസ്ഥയില്‍ കോട്ടമല കോളനി നിലനില്‍ക്കുന്നത്. വന്യമൃഗശല്യവും തൊഴിലില്ലായ്മയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ ഇവിടെ താമസിച്ചവരെ ഒഴിഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയായിരുന്നു. വനത്തോട് ചേര്‍ന്നുള്ള ഫലഭൂയിഷ്ടമായ മൂന്നേക്കറോളം ഭൂമിയാണ് കൈവശക്കാര്‍ പോലുമില്ലാതെ അനാഥമായി കിടക്കുന്നത്. ഇവിടെ താമസിക്കുന്ന കുഞ്ഞിരാമന്‍ വനത്തിലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ച് ചിറ്റാരിക്കാല്‍ എത്തിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പെട്ട ഈ കോളനിയില്‍ എത്തണമെങ്കില്‍ വനത്തിലൂടെ രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കണം. കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യം കാരണം ഒന്നും കൃഷി ചെയ്യാനും സാധിക്കാത്തത് കൊണ്ടാണ് താമസം മതിയാക്കിയതെന്ന് ഇവിടെ താമസിച്ചിരുന്നവര്‍ പറയുന്നു. പഞ്ചായത്ത് നേരത്തെ കുഴല്‍ കിണര്‍ കുഴിച്ചെങ്കിലും ഇവിടെ വെള്ളം ലഭിക്കാത്തതിനാല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ താമസിച്ചവരെല്ലാം ബന്ധുവീടുകളിലേക്ക് താമസം മാറി. ചിലര്‍ക്ക് സര്‍ക്കാര്‍ തന്നെ ഭൂമിയും വീടും അനുവദിച്ചുനല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it