thrissur local

കോട്ടപ്പുറം സബ് സ്റ്റേഷനായി തൃശൂര്‍ കോര്‍പറേഷന്‍

മുന്നോട്ട്: റിവ്യൂ ഹരജി നല്‍കുംതൃശൂര്‍: വൈദ്യുതി റഗുലേറ്ററി കമ്മീഷനും വൈദ്യുതി ബോര്‍ഡിന്റെ വിദഗ്ദ സമിതിയും അനാവശ്യമെന്ന് വിധിച്ച കോട്ടപ്പുറം 110 കെ.വി.സബ്‌സ്റ്റേഷന് നടപടികളുമായി മുന്നോട്ടുപോകാനും കമ്മീഷനില്‍ റിവ്യുപെററീഷന്‍ നല്‍കുന്നതിനും കോ ര്‍പ്പറേഷന്‍ തീരുമാനം.
കെ.എസ്.ഇ.ബി നിര്‍ദ്ദേശിച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ നിരാകരിക്കാനും “പഴുതുകള്‍ അടച്ച് നല്ല രീതിയിലുള്ള’ റിവ്യു പെറ്റീഷന്‍ തയ്യാറാക്കുന്നതിനും മേയര്‍ അജിത ജയരാജന്റെ ചേംബറില്‍ ചേര്‍ന്ന വൈദ്യുതി വിഭാഗം എക്‌സ്പര്‍ട്ട് അഡൈ്വസറി കമ്മിറ്റി യോഗം തീരുമാനിച്ചു. വിഷയം ഇന്ന് ചേരുന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ചട്ടമനുസരിച്ച് വൈദ്യുതിവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി വഴിയാണ് വിഷയം കൗണ്‍സിലില്‍ അവതരിപ്പിക്കേണ്ടതെങ്കിലും കമ്മിറ്റിയെ നോക്കുകുത്തിയാക്കി നേരിട്ട് കൗണ്‍സിലില്‍വെക്കുന്നതാണ് പുതിയ സമ്പ്രദായം.
കോണ്‍ഗ്രസ്-ബി.ജെ.പി പ്രതിപക്ഷം അതിനെ എതിര്‍ക്കാറുമില്ല. 8-12-2017, 4-4-2018, 19.5.2018, 4-6-2018, 22-6-2018 എന്നീ തിയ്യതികളില്‍ നടന്ന അഡൈ്വസറി കമ്മിറ്റി യോഗ തീരുമാനങ്ങളാണ് അംഗീകാരത്തിനായി ഇന്നത്തെ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ വെച്ചിട്ടുള്ളത്.
എക്‌സ്പര്‍ട്ട് അഡൈ്വസറി കമ്മിറ്റിയുടെ കണ്‍വീനറായി കൗണ്‍സിലര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയെ നിയോഗിച്ചുകൊണ്ടുള്ള കമ്മിറ്റി തീരുമാനവും അംഗീകാരത്തിന് അജണ്ടയിലുണ്ട്. 110 കെ.വി.സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള തീരുമാനം നിലനിര്‍ത്തി വഞ്ചിക്കുളത്ത് സ്വിച്ചിങ്ങ് സ്റ്റേഷന്‍ കൂടി പരിഗണിക്കാനും സമിതിയുടെ നിര്‍ദ്ദേശമുണ്ട്.
ജീവനക്കാരുടെ പ്രൊമോഷന്‍ തസ്തിക മാത്രം ലക്ഷ്യമാക്കിയുള്ള 110 കെ.വി. സബ്‌സ്റ്റേഷന്‍ ദുര്‍വ്യയവും നഗരത്തിന് ആവശ്യമില്ലാത്തതുമാണെന്ന് കാണിച്ച് മുന്‍ കൗണ്‍സിലര്‍ അഡ്വ.സ്മിനി ഷീജോ നല്‍കിയ പരാതിയില്‍ റഗുലെറ്ററി കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് പഠനം നടത്തിയ വൈദ്യുതി ബോര്‍ഡിലെ ടെക്‌നിക്കല്‍ മെമ്പര്‍, ചീഫ് എഞ്ചിനീയര്‍,  ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന വിദഗ്ദസംഘം കോര്‍പ്പറഷനില്‍ വൈദ്യുതിവഭാഗത്തിലെത്തി പഠനം നടത്തി വന്‍ മുതല്‍മുടക്ക് വരുന്ന പുതിയ സബ്‌സ്റ്റേഷന്‍ അനാവശ്യമാണെന്നും റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോട്ടപ്പുറം സബ്‌സ്റ്റേഷന്‍ അപേക്ഷ റഗുലേറ്ററി കമ്മീഷന്‍ തള്ളികളഞ്ഞത്.
നിര്‍മ്മാണത്തിന് 35 കോടിയും സ്ഥലവിലയും ഉള്‍പ്പടെ 60 കോടിയുടെ ചിലവ് വരുന്ന സബ്‌സ്റ്റേഷന് 1.25 കോടി രൂപ ശമ്പളചിലവുവരുന്നതാണ്. 24 പ്രൊമോഷന്‍ തസ്തികകള്‍ ഉള്‍പ്പെടെ 28 പുതിയ തസ്തികകളും സൃഷ്ടിക്കാനാണ് നിര്‍ദ്ദേശം. 65 എം.വി.എ യുടെ നിലവിലുള്ള സ്ഥാപിതശേഷിയില്‍ 36 എം.വി.എ മാത്രമാണിപ്പോ ള്‍ പ്രയോജനപ്പെടുത്തുന്നതെന്നിരിക്കേ പുതിയ സബ്‌സ്റ്റേഷന്‍ അനാവശ്യമാണെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.
Next Story

RELATED STORIES

Share it