thrissur local

കോട്ടപ്പുറം മേല്‍പ്പാലം വീതികൂട്ടല്‍ : റെയില്‍വേ ഉദ്യോഗസ്ഥരും കോര്‍പറേഷന്‍ അധികൃതരും സ്ഥലം സന്ദര്‍ശിച്ചു



തൃശൂര്‍: എംജി റോഡിലെ കോട്ടപ്പുറം റെയില്‍വേ മേല്‍പ്പാലം വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ അധികൃതരും സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പാലത്തിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേയെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. റെയില്‍വേയുടെ ഫോര്‍ ലൈന്‍ ട്രാക്കിനുള്ള സ്ഥലം കണക്കാക്കി 30 മീറ്റര്‍ നീളത്തില്‍ പാലം പണിയാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. 25 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചാലും കുഴപ്പമില്ലായെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 4 മീറ്റര്‍ വീതിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും മാരിയമ്മന്‍കോവില്‍ ഉള്ളതുകൊണ്ട് അതനുസരിച്ചാകും സ്ഥലം എടുക്കുക. അതിനനുസൃതമായി തെക്ക് ഭാഗത്ത് 8 മുതല്‍ 10 മീറ്റര്‍ വരെ വീതിയെടുക്കേണ്ടി വരും. റെയില്‍വേയാണ് പാലം പണിയുന്നത്. എം.ജി.റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിക്കൊണ്ടായിരിക്കും പാലം പണിയുന്നതെന്നും അതിനു മുമ്പായി പൂത്തോള്‍ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എറണാകുളത്തു നിന്ന് റെയില്‍വേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഹരിദാസന്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ കെ.സുനില്‍കുമാര്‍, മേയര്‍ അജിതാ ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ ഡി അജയഘോഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എച്ച് ടൈറ്റസ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എ. മഹേന്ദ്ര, കൗണ്‍സിലര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അതേ സമയം പാലത്തിന്റെ തെക്ക് ഭാഗത്ത് കൂടുതല്‍ വീതിയില്‍ സ്ഥലമെടുക്കാനുള്ള നീക്കത്തിനെതിരെ സമീപത്തെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങള്‍ പാലം പണിക്കും റോഡ് വികസനത്തിനും എതിരല്ലെന്നും രണ്ട് വശങ്ങളില്‍ നിന്ന് ഒരുപോലെ സ്ഥലം ഏറ്റെടുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. പാലം പണിക്കുള്ള തുക മുടക്കുന്നത് തൃശൂരിലെ പ്രമുഖ വിദേശ വ്യവസായിയാണ്.
Next Story

RELATED STORIES

Share it