thrissur local

കോട്ടപ്പുറം-കോഴിക്കോട് ജലപാത തൃശൂരുമായി ബന്ധിപ്പിക്കുന്നത് ഗുണകരമെന്ന് നാറ്റ്പാക് പഠനം

തൃശൂര്‍: ദേശീയ ജലപാതയായി പ്രഖ്യാപിച്ച കോട്ടപ്പുറം-കോഴിക്കോട് ജലപാതയെ തൃശൂരുമായി ബന്ധിപ്പിച്ച് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ജലഗതാഗത പദ്ധതി സാധ്യമാണെന്ന് 'നാറ്റ്പാക്' നടത്തിയ സാങ്കേതിക സാമ്പത്തിക സാധ്യതാ പ്രാഥമിക പഠന റിപോര്‍ട്ട്. കരാഞ്ചിറയില്‍നിന്ന് പുത്തന്‍തോട് വഴി കൊക്കാല വഞ്ചിക്കുളത്തെ ബന്ധിപ്പിച്ച് 18 കിലോമീറ്റര്‍ വരുന്ന ചരക്ക് ഗതാഗതപാതയും പുഴയ്ക്കല്‍നിന്നും ഏനാമാക്കല്‍ വരെ 12 കിലോമീറ്റര്‍ വരുന്ന പുഴ വികസിപ്പിച്ച് ടൂറിസം വികസനവുമാണ് നാറ്റ്പാക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
160 കിലോമീറ്റര്‍ വരുന്ന കോട്ടപ്പുറം-കോഴിക്കോട് ദേശീയപാതയെ തൃശൂരുമായി ബന്ധപ്പെടുത്തുന്നതുവഴി കൊച്ചിയുമായുള്ള ചരക്ക് ഗതാഗതം വഴി വാണിജ്യമേഖലയിലും ഏനാമാക്കല്‍-പുഴയ്ക്കല്‍ തോട്ടില്‍ ടൂറിസം വികസനത്തിനും വന്‍ സാധ്യതകളാണ് ഉള്ളതെന്ന് നാറ്റ് പാക് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്റ് ജി പ്രശാന്ത് സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ടിഡിഎ ചെയര്‍മാന്‍ കെരാധാകൃഷ്ണന്‍ നല്‍കിയ നിവേദനമനുസരിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് നാറ്റ് പാക് സാങ്കേതിക സാമ്പത്തിക സാധ്യതപഠനം നടത്തിയത്. ഇന്‍ലാന്റ് വാട്ടര്‍വെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹകരണത്തോടെയായിരുന്നു പഠനം. കോതമംഗലം മാര്‍ അത്താനാസിയൂസ് എഞ്ചിനീയറിങ്ങ് കോളജിലേയും കോട്ടയം ഗുരുദേവ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേയും അവസാനവര്‍ഷ വിദ്യാര്‍ഥികളും സര്‍വേയില്‍ പങ്കെടുത്തു.
തോടുകളുടെ ആഴവും പരപ്പും സ്ഥലനിര്‍ണയവുമെല്ലാം സാധ്യതകളുമെല്ലാം അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് നടത്തിയത്. പുഴയ്ക്കല്‍ പുഴ, പാറക്കോട്-മനക്കൊടി ലിങ്ക് കനാല്‍, പുത്തന്‍ തോട്ടില്‍ നെടുപുഴ വഞ്ചിക്കുളം ഭാഗത്താണ് സംഘം വഞ്ചിയില്‍ സഞ്ചരിച്ച് പഠനം നടത്തിയത്.വഞ്ചിക്കുളം ഭാഗത്ത് വന്‍തോതില്‍ മാലിന്യം അടിഞ്ഞുകൂടിയതും നീക്കേണ്ടതുണ്ട്. പുറമെ നഗരത്തില്‍നിന്നുള്ള മലിനജലം ശുദ്ധീകരിക്കേണ്ടതുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ചാനലുകള്‍ നിര്‍ദ്ദിഷ്ടവീതിയില്‍ വികസിപ്പിക്കുക, ഡ്രഡ്ജിങ്ങ് നടത്തുക, സംരക്ഷണഭിത്തി കെട്ടുക, നിലവിലുള്ള ലോക്കുകള്‍ പുനര്‍നിര്‍ മിക്കുക, എന്നിവയാണ് പ്രാഥമിക റിപോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കൊച്ചിയില്‍നിന്നും 100 ടണ്‍ ചരക്കുമായി ബാര്‍ജുകള്‍ തൃശൂരിലെ വഞ്ചിക്കുളത്തില്‍ എത്തിക്കാനുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒബിഎം ഘടിപ്പിച്ച ബോട്ടുകളും ഹൗസ് ബോട്ടും ജലയാത്രക്കും ടൂറിസം വികസനത്തിനും ഉപയോഗിക്കാനാകും. വിശദപഠനറിപ്പോര്‍ട്ട് പിന്നീട് സര്‍ക്കാരിന് സമര്‍പ്പിക്കും.
Next Story

RELATED STORIES

Share it