kasaragod local

കോട്ടച്ചേരി മേല്‍പ്പാലം പ്രവൃത്തി ഉദ്ഘാടനം 14ന്

കാഞ്ഞങ്ങാട്: വര്‍ഷങ്ങളായുള്ള തീരദേശ ജനങ്ങളുടെ കാത്തിരിപ്പിന് പ്രതീക്ഷയേകി കോട്ടച്ചേരി മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നു. 14ന്  വൈകിട്ട് നാലിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ മേല്‍പ്പാലത്തിന്റെ പ്രവര്‍ത്തനോദ്ഘാടം നിര്‍വഹിക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. 13.90 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മേല്‍പ്പാലത്തിനായി ചെലവഴിക്കുന്നത്.
റെയില്‍വേ റണ്‍വേക്ക് മുകളിലായി 200 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന്റെ മുകള്‍ഭാഗത്തിന്റെ പദ്ധതി ചെലവായ നാല് കോടി റെയില്‍വേ വഹിക്കും. ഇതും കൂടി ചേര്‍ത്ത് 17.90 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്നര വര്‍ഷക്കാലം കൊണ്ട് പ്രവര്‍ത്തി പൂര്‍ത്തീകരിക്കും. മേല്‍പ്പാലത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയതും മേല്‍പ്പാലത്തിനായി പണം അനുവദിച്ചതും ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ്. 1.48 ഏക്കര്‍ സെന്റ് സ്ഥലമാണ് 23.25 കോടി രൂപ ചെലവഴിച്ച് 28 സ്വകാര്യ വ്യക്തികളില്‍ നിന്നായി ഏറ്റെടുത്തത്.
സംസ്ഥാന ഹൈവേയില്‍ നിന്നും റെയില്‍വേ പ്ലാറ്റ് ഫോമിലേക്ക് 181 മീറ്ററും റെയില്‍വേയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും 204 മീറ്റര്‍ ദൂരത്തേക്കുമാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. പാലത്തോടൊപ്പം 315 മീറ്റര്‍ അനുബന്ധ റോഡും യാഥാര്‍ത്ഥ്യമാകും. 10 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുന്നത്. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ കാഞ്ഞങ്ങാട് നഗരസഭയിലെയും അജാനൂര്‍ പഞ്ചായത്തിലെയും തീരദേശവാസികള്‍ക്ക് വലിയ ആശ്വാസമാകും.
Next Story

RELATED STORIES

Share it