malappuram local

കോട്ടക്കുന്ന് അമ്യൂസ്‌മെന്റ്പാര്‍ക്ക്  'പൊടിതട്ടിയെടുക്കുന്നു'

മലപ്പുറം: പൂട്ടിക്കിടക്കുന്ന കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പ് കരാര്‍ പുതുക്കി വാങ്ങാന്‍ മലപ്പുറം നഗരസഭാ കൗണ്‍സില്‍ തീരുമാനം. നടത്തിപ്പിലെ അപാകതമൂലം കാലങ്ങളായി പൂട്ടിക്കിടന്ന് പാര്‍ക്കിലെ റെയ്ഡുകള്‍ തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. 2009 ലാണ് ഡിടിപിസി കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പിനായി ആറ് ഏക്കര്‍ ഭൂമി മലപ്പുറം നഗരസഭയ്ക്കു കൈമാറിയത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ ഈ പാട്ട കാലവധി അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു വീണ്ടും പുതുക്കുന്നതിനു ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഐകഖണ്ഡ്യേന തീരുമാനമെടുത്തത്. തുടക്കത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ കഴിയാത്തതും മറ്റും പരിഹരിക്കാനാവാതെ പൂട്ടിയിടുകയായിരുന്നു. പാര്‍ക്ക് ഡിടിപിസിയെ തിരികെ ഏല്‍പിക്കുന്നതിനു പകരം നഗരസഭ കരാര്‍ പുതുക്കി ഏറ്റെടുത്തു നടത്തണമെന്നു ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഒരുപോലെ നിര്‍ദേശിച്ചു. പാട്ട കരാര്‍ പുതുക്കുന്നതിനുള്ള തീരുമാനം നഗരസഭ കലക്ടറെ അറിയിക്കും. കോട്ടക്കുന്നില്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ഓപണ്‍ ഓഡിറ്റോറിയം എന്നിവ നിര്‍മ്മിച്ചു മിതമായ വാടകയ്ക്കു നല്‍കുന്നതിനുള്ള നിര്‍ദേശവും അംഗങ്ങള്‍ മുന്നോട്ടുവച്ചു. നിര്‍ധന രോഗികളെ സഹായിക്കുന്നതിനു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിനായി അടുത്ത ഏപ്രിലില്‍ കോട്ടക്കുന്നില്‍ നഗരസഭയുടെ നേതൃത്വനത്തില്‍ എക്‌സിബിഷന്‍ നടത്തും. സ്വകാര്യ സംരംഭങ്ങളുടെ സഹകരണത്തോടെ നടത്തുന്ന എക്‌സിബിഷന്‍ നടത്തിപ്പിനു രൂപരേഖ തയ്യാറാക്കാന്‍ ഉപസമിതിക്കു രൂപം നല്‍കി. മലപ്പുറം താലൂക്ക് ആശുപത്രിയെ ചൊല്ലി പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നു കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ക്വാഷ്യാലിറ്റിയില്‍ നാലു മെഡിക്കല്‍ ഓഫിസര്‍മാരുടെ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ സേവനം ചെയ്തു വരുന്നു. ഡല്‍ഹി ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മലപ്പുറം നഗരസഭാ കൊണ്‍സില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെ അകാരണമായാണ് അറസ്റ്റ് ചെയ്തത്.
കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതു കോടതിയാണ് തെളിയിക്കേണ്ടത്. ഇന്ത്യന്‍ നിയമവ്യവസ്ഥയെ പരിഹാസമാക്കുന്ന ഫാഷിസ്റ്റ് ഭീകരതയെ അപലപിക്കുന്നതായും സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായുമുള്ള പ്രമേയം കൗണ്‍സില്‍ ഐകഖണ്ഡ്യേനെ പാസാക്കി. പ്രതിപക്ഷാംഗം കെ വി ശശികുമാര്‍ അവതാരകനും ഭരണപക്ഷാംഗം ഹാരിസ് ആമിയന്‍ അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സിഎച്ച്ജമീല അധ്യക്ഷയായി.
Next Story

RELATED STORIES

Share it