കോട്ടക്കല്‍ സീറ്റ്: സ്ഥാനാര്‍ഥിക്കെതിരേ എറണാകുളം ജില്ലാകമ്മിറ്റി

സ്വന്തം പ്രതിനിധിമലപ്പുറം/കൊച്ചി: എന്‍സിപിക്ക് ഇടതുമുന്നണി അനുവദിച്ച നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാ ലിസ്റ്റായി. കഴിഞ്ഞ തവണ മല്‍സരിച്ച നാലു സീറ്റുകളില്‍ തന്നെയാണ് ഇത്തവണയും മല്‍സരിക്കുക. ഒരു സീറ്റുകൂടി അധികം ചോദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പേരില്‍ മുന്നണിയില്‍ കലാപമുണ്ടാക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. സിറ്റിങ് എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍ എലത്തൂരിലും തോമസ് ചാണ്ടി കുട്ടനാടും വീണ്ടും ജനവിധി തേടും. പാലായില്‍ മാണി സി കാപ്പനെയാണ് പരിഗണിക്കുന്നത്. കോട്ടക്കലില്‍ എന്‍ എ മുഹമ്മദ്കുട്ടി എന്ന മമ്മുട്ടിയാണ് മല്‍സരിക്കുക. മലപ്പുറം പുലാമന്തോള്‍ സ്വദേശിയായ മുഹമ്മദ്കുട്ടി കൊച്ചിയിലെ വ്യവസായ പ്രമുഖനാണ്. എന്നാല്‍, സ്ഥാനാര്‍ഥി ലിസ്റ്റ് മൂന്ന് ദിവസം കഴിഞ്ഞേ പുറത്ത് വിടൂവെന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ലിസ്റ്റ് അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവാറിനു കൈമാറിയിട്ടുണ്ട്. ആട് ആന്റണി മുതല്‍ സന്തോഷ് മാധവനെ വരെ കാബിനറ്റിലെടുക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. പാലായില്‍ മാണിക്ക് കുറച്ച് വോട്ടെങ്കിലും കിട്ടണ്ടെ എന്നു കരുതിയാണ് താന്‍ മല്‍സരരംഗത്ത് നിന്നു മാറി നില്‍ക്കുന്നതെന്നും ഇത്തവണ എന്‍സിപി നാലു സീറ്റിലും വിജയിക്കുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. അതേസമയം, കോട്ടക്കല്‍ മണ്ഡലത്തിലെ സീറ്റ് കച്ചവടം നടന്നതായുള്ള ആരോപണത്തെക്കുറിച്ച് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അന്വേഷണം നടത്തണമെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ജനറല്‍ ബോഡി അടിയന്തരമായി വിളിച്ചു ചേര്‍ക്കണമന്നും ആവശ്യപ്പെട്ട് എന്‍സിപി എറണാകുളം ജില്ലാ നിര്‍വാഹക സമിതിയോഗം പ്രമേയം പാസാക്കി. പാര്‍ട്ടി അനുഭാവി പോലുമല്ലാത്ത വ്യക്തിയെ പരിഗണിക്കുന്ന നിലപാട് പുനപ്പരിശോധിക്കണമെന്നും കോട്ടക്കലില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലെ ഭൂരിപക്ഷാഭിപ്രായം അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it