malappuram local

കോട്ടക്കല്‍ മേഖലയിലും പൊന്നാനിയിലും കഞ്ചാവ് വില്‍പന വ്യാപകം

കോട്ടക്കല്‍: പൊന്നാനിയിലും കോട്ടക്കല്‍ ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന സജീവമാവുന്നതായി പരാതി. വിദ്യാര്‍ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും കണ്ണുവച്ചാണ് പ്രദേശത്ത് വില്‍പ്പന നടക്കുന്നത്. ഒരു പായ്ക്കറ്റിന് നൂറുരൂപ മുതല്‍ മുകളിലേക്കാണ് വില. ബിഎച്ച് റോഡില്‍ നിന്ന് കൈപള്ളി കുണ്ടിലേക്ക് ഇറങ്ങുന്ന ഭാഗത്തുള്ള പണിതീരാത്ത കെട്ടിടങ്ങളില്‍ പോലിസ് നിരീക്ഷണം നടത്തിയിട്ടും വില്‍പന തകൃതിയായി നടക്കുകയാണ്.
രാത്രി സമയങ്ങളില്‍ ബസ് സ്റ്റാന്റ് പരിസരത്തും വില്‍പന നടക്കുന്നതായി പ്രദേശത്തെ കടക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ ചെറുപ്പക്കാര്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കഞ്ചാവ് ലോബിയുമായി തര്‍ക്കം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് എക്‌സൈസ് പരിശോധന നടത്തി. എന്നാല്‍, ഇപ്പോഴും വില്‍പ്പന അതേപടി നടക്കുകയാണെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. സ്‌കൂള്‍ കൂട്ടികളെ കേന്ദ്രീകരിച്ചും വില്‍പന നടക്കുന്നുണ്ട്. ഇതിനെതിരേ നടപടി എടുക്കണമെന്നാണ് ആവശ്യം.
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാനി അറസ്റ്റില്‍
പൊന്നാനി: പൊന്നാനി വെളിയംകോട് മേഖലയില്‍ ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാനിയെ പൊന്നാനി അഡീഷനല്‍ എസ്‌ഐ ജയചന്ദ്രനും സംഘവും അറസ്റ്റുചെയ്തു. വെളിയംകോട് ബീവിപ്പടിക്ക് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന അയനിക്കല്‍ വീട്ടില്‍ അബു (45) വിനെയാണ് പിടകൂടിയത്.
ഇയാളുടെ വീട്ടില്‍നിന്ന് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 20ഓളം പൊതികളും, മറ്റൊരു പായ്ക്കറ്റ് കഞ്ചാവും മൊത്തവിതരണക്കാര്‍ക്ക് കൊടുക്കാനുള്ള പ്രത്യേകം കെട്ടാക്കിയ 37,000 രൂപയുംപിടിച്ചെടുത്തു. ഓരോ പൊതിയിലും 150 ഗ്രാം കഞ്ചാവാണുള്ളത്. തണ്ണിത്തുറയിലുള്ള ഷമീര്‍ എന്നയാളില്‍ നിന്നാണ് വില്‍പ്പനയ്ക്കായി കഞ്ചാവ് വാങ്ങിയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പോലിസ് പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് 200 രൂപയ്ക്കാണ് ചെറിയ പൊതികള്‍ വില്‍ക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇതിലും ചെറിയ തുകയ്ക്കാണ് കഞ്ചാവ് വിറ്റിരുന്നത്. പൊന്നാനി താലൂക്കിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. നാല് ദിവസം മുന്‍പ് രണ്ട് കിലോ കഞ്ചാവുമായാ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അഡീഷനല്‍ എസ്‌ഐക്കു പുറമെ പോലിസുകാരായ പ്രദീപ്, ഉദയന്‍, മുകേഷ് എന്നിവരും സുധിഷ് എന്ന പേരുള്ള രണ്ട് പോലിസുകാരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it