Flash News

കോടിയോളം രൂപയുടെ കുഴല്‍പണം പിടികൂടി



കോഴിക്കോട്: കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 99 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം മോങ്ങം സ്വദേശി ഷംസുദ്ദീന്‍(41), മലപ്പുറം മൊറയൂര്‍ സ്വദേശി സല്‍മാന്‍(20) എന്നിവരാണ് പോലിസ് പിടിയിലായത്. കോഴിക്കോട് നഗരത്തില്‍ അടുത്ത കാലത്തായി പിടികൂടിയ ഏറ്റവും വലിയ കുഴല്‍പണവേട്ടയാണിതെന്ന് പോലിസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി ഗുണ്ടാ സ്‌ക്വാഡും കസബാ പോലിസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരുതി ആള്‍ട്ടോ കാറില്‍ നിന്നും പണം പിടികൂടിയത്. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, കുന്ദമംഗലം, നരിക്കുനി, എന്നീ ഭാഗങ്ങളിലും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മോങ്ങം, വള്ളുവമ്പ്രം, എന്നീ ഭാഗങ്ങളിലും വിതരണം ചെയ്യാനുള്ള പണമാണ് ഇതെന്ന് പോലിസ് പറഞ്ഞു. ഒരു കോടി രൂപ വിതരണം ചെയ്താല്‍ 60,000 രൂപ കമ്മീഷനായി ലഭിക്കും. പിടികൂടിയ പണം വ്യാജ നോട്ടുകള്‍ അല്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം പിടികൂടിയവരേയും പണവും ആദായനികുതി വകുപ്പിന് കൈമാറുമെന്നും പോലിസ് അറിയിച്ചു. കസബ സിഐ പ്രമോദ്, എസ്‌ഐമാരായ രഞ്ജിത്ത്, ഉണ്ണി, നാര്‍കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ എ ജെ ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it