Flash News

കോടിയേരിക്ക് സ്ഥലജലവിഭ്രാന്തി: രമേശ് ചെന്നിത്തല



തിരുവനന്തപുരം: ബിജെപിയെ സഹായിക്കാനാണ് ഈ മാസം 16ലേക്ക് യുഡിഎഫ് ഹര്‍ത്താല്‍ മാറ്റിയതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്ഥലജലവിഭ്രാന്തി മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി യുഡിഎഫ് നടത്തുന്ന രാപകല്‍ സമരത്തിനു ലഭിച്ച വന്‍ ജനപിന്തുണ കണ്ട് പകച്ചുപോയിരിക്കുകയാണ് കോടിയേരി. 16നു പ്രഖ്യാപിച്ച ഹര്‍ത്താലിനും ലഭിക്കുന്ന വന്‍ ജനപിന്തുണ കോടിയേരിയെ വിറളിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമാണ് കോടിയേരിയുടെ പ്രസ്താവന. ബിജെപി അധ്യക്ഷന്‍ അമിത്ഷാക്ക് കേരളത്തില്‍ പര്യടനം നടത്താന്‍ എല്ലാ സൗകര്യവുമൊരുക്കി പരവതാനി വിരിച്ചുകൊടുത്തവരാണ് പിണറായി സര്‍ക്കാരും കോടിയേരിയും. പിണറായിയുടെ തട്ടകത്തിലൂടെ അമിത്ഷാ നടക്കാതിരുന്നത് അവര്‍ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ്. ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ കൊലവിളി പ്രസംഗങ്ങള്‍ക്കെതിരേ നടപടി എടുക്കാത്തവരാണ് ഇടതു സര്‍ക്കാര്‍. സിപിഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണെന്നും ചെന്നിത്തല പറഞ്ഞു. അമിത്ഷാ പിന്‍മാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറി. കൊട്ടും കുരവയുമായാണ് അമിത്ഷാ കേരളത്തില്‍ കുമ്മനത്തിന്റെ ജാഥയില്‍ നടക്കാനിറങ്ങിയത്. പക്ഷേ, ഒറ്റദിവസം കൊണ്ട് അമിത്ഷായുടെ കാറ്റു പോയി. ഇത് കേരളമാണ്. വര്‍ഗീയത ഇളക്കിവിടാനുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പതിവ് ലൊടുക്കുവിദ്യയൊന്നും ഇവിടെ ചെലവാകില്ല. രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങളാണ് കേരളത്തിലേത്. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പ്രാപ്തി അവര്‍ക്കുണ്ട്. തന്റെ പരിപ്പൊന്നും ഇവിടെ വേവില്ലെന്ന് ഒറ്റദിവസം കൊണ്ടുതന്നെ അമിത്ഷാക്ക് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it