Kottayam Local

കോടിമത മാലിന്യ പ്രശ്‌നം; അടിയന്തര പരിഹാരം വേണമെന്ന് ജില്ലാ വികസന സമിതി

കോട്ടയം: കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നത്തിനും കച്ചവടക്കാരുടെ ലൈസന്‍സ്, ഫുഡ് സേഫ്റ്റി ലൈസന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും അടിയന്തര പരിഹാരം കാണണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി.
കഴിഞ്ഞദിവസം പരിശോധന നടത്തിയ ജില്ലാ സ്‌ക്വാഡും സ്ഥിതിഗതി തൃപ്തികരമല്ലെന്ന് റിപോര്‍ട്ട് ചെയ്തിരുന്നു. നടപടി സ്വീകരിച്ച് അടിയന്തര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം മുനിസിപ്പല്‍ സെക്രട്ടറിക്ക് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി നിര്‍ദേശം നല്‍കി. തിരുനക്കര മൈതാനത്ത് സ്റ്റേജിനു സമീപമുള്ള ശുചിമുറികളിലെ മാലിന്യം നീക്കം ചെയ്ത് അടിയന്തര റിപോര്‍ട്ട് നല്‍കാനും കലക്ടര്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
അറുപുഴ റോഡില്‍ മണ്ണിടിഞ്ഞ് അപകടം ഉണ്ടാവുന്ന സാഹചര്യത്തില്‍ അടിന്തരമായി സംരക്ഷണ ഭിത്തി കെട്ടാന്‍ സുരേഷ്‌കുറുപ്പ് എംഎല്‍എ നിര്‍ദേശിച്ചു. കുമരകം സാംസ്‌കാരിക നിലയത്തിന്റെ മുടങ്ങിക്കിടക്കുന്ന നിര്‍മാണ പ്രവര്‍ത്തനം അടിയന്തരമായി പുനരാരംഭിക്കണം അദ്ദേഹം പറഞ്ഞു. പൊന്‍കുന്നത്ത് നാഷനല്‍ ഹൈവേയില്‍ റോഡ് തകരാറിലായി അപകടമുണ്ടാവുന്നതായും സത്വര നടപടി സ്വീകരിക്കണമെന്നും ഡോ. ജയരാജ് എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തി. അമിതവേഗത്തില്‍ പായുന്ന ലോറികള്‍ പിടികൂടാന്‍ പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ 9497932001 എന്ന വാട്‌സ് ആപ്പ് നമ്പര്‍ പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണം.
ജില്ലയെ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ ജില്ലയായി പ്രഖാപിക്കുന്നതിന് 13567 വീടുകളില്‍കൂടി കക്കൂസുകള്‍ നിര്‍മിക്കുന്നതിനുളള പ്രവര്‍ത്തനം നടന്നു വരുന്നതായി ശുചിത്വമിഷന്‍ എഡിസി അറിയിച്ചു. ശുചിത്വ കോട്ടയം പദ്ധതിയുടെ ഭാഗമായി ഇതുവരെ 5000 കി.ഗ്രാം പ്ലാസ്റ്റിക് ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറിയിട്ടുണ്ട്. അനധികൃത മണ്ണെടുപ്പ് തടയുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റും മണ്ണിറക്കുന്നതിന് വര്‍ക്ക് ഓര്‍ഡറും നിര്‍ബന്ധമായും ഹാജരാക്കണമെന്ന് യോഗം നിഷ്‌ക്കര്‍ഷിച്ചു.
കലക്ടറേറ്റില്‍ ലിഫ്റ്റ് നിര്‍മിക്കുന്നതിനുളള ടെന്‍ഡര്‍ നടപടിയും തുടര്‍പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഭിന്നശേഷിയുളളവരുടെ പരാതിയിന്‍മേലാണ് ഈ നടപടി. ഇതിനായി 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ ടെസ് പി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it