Idukki local

കോടികള്‍ മുടക്കിയ കുടിവെള്ള പദ്ധതിയില്‍ തുള്ളി വെള്ളമില്ല

നെടുങ്കണ്ടം: കോടികള്‍ മുടക്കിയ കുടിവെള്ള പദ്ധതിയില്‍ തുള്ളി വെള്ളം പോലുമില്ല. പദ്ധതി കമ്മീഷന്‍ ചെയ്യാതെ ഗുണഭോക്താക്കളെ വഞ്ചിക്കുന്നതായി ആക്ഷേപം. കമ്മീഷന്‍ ചെയ്യാത്ത പദ്ധതിക്കായി കഴിഞ്ഞ ഒമ്പത് മാസമായി ഗുണഭോക്താക്കള്‍ 20 രൂപ വീതം മാസവരിയായി നല്‍കുകയാണ്. ചോദ്യം ചെയ്യുന്നവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുമെന്ന ഭീഷണിയും. എന്തു ചെയ്യണം എന്നറിയാതെ കുടിവെള്ളത്തിനായി അലയുന്ന ഗ്രാമവാസികള്‍. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡിലെ മൈനര്‍സിറ്റി കുടിവെള്ള പദ്ധതിയാണ് കമ്മീഷന്‍ ചെയ്യാതെ ജനങ്ങളെ വലക്കുന്നത്.
1.20 കോടി രൂപ മുടക്കിയ കുടിവെള്ള പദ്ധതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച നാട്ടുകാര്‍ ഇപ്പോള്‍ നിരാശയിലാണ്.
പദ്ധതി ആരംഭിച്ചിട്ട് രണ്ടുവര്‍ഷം പിന്നിട്ടപ്പോഴും പ്രദേശവാസികള്‍ വിലകൊടുത്ത് തന്നെ കുടിവെള്ളം വാങ്ങേണ്ട ഗതികേടില്‍ തന്നെ തുടരുകയാണ്. ജലക്ഷാമം രൂക്ഷമായ മൈനര്‍സിറ്റിമെട്ടില്‍ 166 കുടുംബങ്ങള്‍ക്ക് വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി 2015ലാണ് ജലനിധിവഴി പദ്ധതി ആരംഭിച്ചത്.
കല്ലാര്‍ പുഴയോരത്ത് കുളം നിര്‍മിക്കുക.  ബൂസ്റ്റര്‍ ടാങ്കും പ്രധാന ടാങ്കും നിര്‍മിച്ച് മൈനര്‍സിറ്റി മെട്ടില്‍ വെള്ളം എത്തിച്ചശേഷം ഇവിടെനിന്ന് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുക ഇതായിരുന്നു പദ്ധതി. ഇതിനായി 166 കുടുംബങ്ങളില്‍ നിന്ന് 5150 രൂപ വീതം വാങ്ങുകയും ചെയ്തു. ജലനിധിക്ക് 4000 രൂപ, റോഡ് നിര്‍മാണത്തിനും സ്ഥലം വാങ്ങുന്നതിനുമായി 500 രൂപ വീതം, പദ്ധതി മെമ്പര്‍ഷിപ്പിനായി 150 രൂപ എന്നീ കണക്കിലാണ് ഗുണഭോക്താക്കളില്‍ നിന്നു പണം വാങ്ങിയത്.
എന്നാല്‍ പിന്നീടാണ് അഴിമതിയുടെ കണക്കുകള്‍ പ്രദേശവാസികള്‍ അറിഞ്ഞത്. കല്ലാര്‍ പുഴയോരത്ത് കുളം നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലം സ്വകാര്യവ്യക്തി സൗജന്യമായി നല്‍കുകയായിരുന്നു. റോഡിന് ആവശ്യമായ സ്ഥലവും സൗജന്യമായി ലഭിച്ചു.
പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായാണ് ഗുണഭോക്താക്കള്‍ ആരോപിക്കുന്നത്. കുളം, രണ്ട് ടാങ്കുകള്‍, പൈപ്പ് കണക്ഷന്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചിട്ട് മാസങ്ങളായി. വീടുകള്‍ വരെ പൈപ്പ് കണക്ഷന്‍ ഉണ്ടെങ്കിലും ടാപ്പ് ഘടിപ്പിച്ചിട്ടില്ല. തങ്ങള്‍ക്കായി നിര്‍മ്മിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തിയായി മാറിയപ്പോള്‍ പ്രദേശവാസികള്‍ ഇപ്പോഴും വെള്ളം വിലകൊടുത്ത് വാങ്ങുകയാണ്. ഗതാഗത സൗകര്യങ്ങള്‍ പരിമിതമായ മേഖലയില്‍ വെള്ളം വാങ്ങുന്നതിനായി ഓരോ മാസവും പതിനായിരത്തില്‍ അധികം രൂപ മുടക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
5150 രൂപ നല്‍കുകയും പൊതുപണി അടക്കം ചെയ്യുകയും ചെയ്ത ഗുണഭോക്താക്കള്‍ വെള്ളം നല്‍കണമെന്ന് ആവശ്യപ്പെടുമ്പോള്‍ നിഷേധാത്മക നിലപാടുകളാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നത്. കമ്മീഷന്‍ ചെയ്യാത്ത പദ്ധതിക്കായി കഴിഞ്ഞ ഒമ്പത് മാസമായി ഗുണഭോക്താക്കള്‍ 20 രൂപ വീതം മാസവരിയായി നല്‍കുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it