കോടികള്‍ തട്ടിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ആലുവ: കാര്‍ഷിക സഹകരണ സൊസൈറ്റിയുടെ മറവില്‍ കോടികള്‍ തട്ടിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായി. കോട്ടയം ഉഴവൂര്‍ സ്വദേശിയായ തൃശൂര്‍ ചേലക്കര പാഞ്ഞാല്‍ അക്കരക്കൂട്ട് വീട്ടില്‍ എ എ സുനില്‍ (40) ആണ് ആലുവയില്‍ അറസ്റ്റിലായത്. ആലുവ കേന്ദ്രമാക്കി തിരുക്കൊച്ചി കാര്‍ഷിക ഉല്‍പാദക സംസ്‌കരണ വിപണന സഹകരണ സംഘം രൂപീകരിച്ചാണ് ഇയാള്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. 6 പേര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ആലുവ കേന്ദ്രീരിച്ചാണ് സൊസൈറ്റി രൂപീകരിച്ചത്.
2015 ജൂണില്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയായിരുന്നു സംഘം ഉദ്ഘാടനം ചെയ്തത്. ആദ്യ ഡയറക്ടര്‍മാരായ 6 പേരില്‍ നിന്നു 30 ലക്ഷം രൂപയോളം സമാഹരിച്ചായിരുന്നു സംഘത്തിന്റെ തുടക്കം. 6 മാസത്തിന് ശേഷം ഈ ഡയറക്ടര്‍മാരെ ഒഴിവാക്കി കോടികള്‍ വാങ്ങിയ ശേഷം പുതിയ ഡയറക്ടര്‍മാരെ സ്ഥാപനത്തിന് നിയോഗിക്കുകയായിരുന്നു. ആലുവയിലെ ഹെഡ് ഓഫിസില്‍ 30—ഉം കോതമംഗലം മണ്ണൂര്‍ ശാഖയില്‍ 15 പേരെയും ഇയാള്‍ ജോലിക്കായി നിയോഗിച്ചിരുന്നു. ഇവര്‍ക്ക് 3,000 രൂപ മാത്രമായിരുന്നു മാസശമ്പളമായി കൊടുത്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ക്ക് ശമ്പളവും ലഭ്യമായിട്ടില്ല.
സ്ഥാപനത്തിനായി തൃശൂര്‍, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് നിരവധി പേരില്‍നിന്ന് കോടിക്കണക്കിന് രൂപ ഷെയര്‍ പിരിച്ചിരുന്നു. കോടികള്‍ പിരിച്ചെടുത്ത ഏജന്റുമാരില്‍ തൃശൂരിലെ ഫഌറ്റില്‍ കൊല്ലപ്പെട്ട റഷീദും അനുയായികളും ഉള്‍പ്പെട്ടിരുന്നതായും പോലിസ് പറയുന്നു.
ഹനീഫ വധക്കേസിലെ 2ാം പ്രതിയായ റഷീദിന്റെ കാര്‍ ആലുവയില്‍ ഒളിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ ചെയ്തത് സുനിലായിരുന്നു. ഇതിനാല്‍ ഹനീഫ വധക്കേസില്‍ സുനിലിനെയും പോലിസ് പ്രതിചേര്‍ത്തിരുന്നു. കോടികള്‍ പിരിച്ചെടുത്തിട്ടിട്ടും സഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്.
കെപിസിസി സെക്രട്ടറിയായിരുന്ന ശരത്ചന്ദ്രപ്രസാദിന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ സുനില്‍ എന്നും പറയപ്പെടുന്നു. ആലുവയില്‍തന്നെ നിരവധി വീടുകള്‍ വാടകയ്‌ക്കെടുത്തായിരുന്നു അവിവാഹിതനായ ഇയാളുടെ താമസം. ഇയാള്‍ നടത്തിയ കോടികളുടെ തട്ടിപ്പിന് പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം പങ്കുള്ളതായും സൂചനകളുണ്ട്.
Next Story

RELATED STORIES

Share it