wayanad local

'കോടികള്‍ ചെലവഴിച്ചെന്നത് കള്ളം'; യുഡിഎഫ് സാധാരണക്കാരെ കബളിപ്പിക്കുന്നെന്ന്

കല്‍പ്പറ്റ: കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കിയെന്ന കണക്കുകള്‍ നിരത്തി യുഡിഎഫ് സാധാരണക്കാരുടെ കണ്ണില്‍പൊടിയിടുകയാണെന്ന് പ്രോഗ്രസീവ് കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
മാനന്തവാടി മണ്ഡലത്തില്‍ 860 കോടി, കല്‍പ്പറ്റയില്‍ 765 കോടി, സുല്‍ത്താന്‍ ബത്തേരിയില്‍ 700 കോടി എന്നിങ്ങനെ ജില്ലയില്‍ അഞ്ചു വര്‍ഷത്തിനിടെ 2,300 കോടി രൂപയുടെ വികസനം നടത്തിയെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എംഎല്‍എമാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍, ചെറിയ ജനസംഖ്യയുള്ള വയനാട്ടില്‍ ഇത്രയും വലിയ തുക മുടക്കിയെങ്കില്‍ അത് എവിടെപ്പോയെന്നു തുറന്നുകാണിക്കാന്‍ എംഎല്‍എമാര്‍ തയ്യാറാവണം.
കല്‍പ്പറ്റ മണ്ഡലത്തില്‍ കോടികള്‍ മുടക്കിയതായി പറയുന്നുണ്ടെങ്കിലും സാധാരണക്കാര്‍ ദുരിതത്തില്‍ തന്നെയാണ്.
വയനാട് മെഡിക്കല്‍ കോളജിന്റെ പേരില്‍ ബോര്‍ഡ് വയ്ക്കുക മാത്രമാണ് ചെയ്തത്. വൈത്തിരി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാനായില്ല. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ചെന്ദലോട് സിഎച്ച്‌സിയിലും അനുവദിക്കപ്പെട്ട തസ്തികകളില്‍ ഡോക്ടര്‍മാരില്ല.
കല്‍പ്പറ്റ ഗവ. കോളജില്‍ പുതിയ കോഴ്‌സുകളോ ബാച്ചുകളോ അനുവദിക്കാന്‍ ഇടപെടുന്നില്ല. ആദിവാസി ഭൂമി പ്രശ്‌നത്തില്‍ എംഎല്‍എ മൗനം പാലിച്ചു- ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ചെയര്‍മാന്‍ വി പി എല്‍ദോ, ചാത്തുക്കുട്ടി, അബു പൂക്കോട്, വി ജി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it